ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് നിയമിച്ചത് യാത്രാസൗകര്യം പരിഗണിക്കാതെയെന്ന് ആരോപണം
കുറ്റ്യാടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ഡ്യൂട്ടി ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നല്‍കിയതായി പരാതി. യാത്രാ സൗകര്യങ്ങള്‍ പോലും പരിഗണിക്കാതെയാണ് നിയമനം നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം. നാദാപുരം ,കുറ്റ്യാടി, വടകര മണ്ഡലങ്ങളിലെ ജീവനക്കാര്‍ക്ക് തിരുവമ്പാടി, കൊടുവള്ളി, ബേപ്പൂര്‍ ഉള്‍പ്പെടെ ഏറെ അകലെയുള്ള മണ്ഡലങ്ങളിലും അവിടെയുള്ളവര്‍ക്ക് തിരിച്ചുമാണ് ചുമതല വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട പരിശീലനം അതത് മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി കഴിഞ്ഞു.
വോട്ടെടുപ്പിന്റെ തലേന്ന് വിതരണ കേന്ദ്രത്തില്‍ 8ന് എത്തണമെങ്കില്‍ ഭൂരിഭാഗം പേരും പുലര്‍ച്ചെ 3ന് എങ്കിലും പുറപ്പെടണം. 7 ന് പോളിങ് കഴിഞ്ഞ് വിതരണ കേന്ദ്രത്തില്‍ സാമഗ്രികള്‍ തിരിച്ചേല്‍പിച്ച് കഴിയുമ്പോഴേക്കും രാത്രി 11 എങ്കിലും ആവും. സ്വന്തം വാഹനമില്ലാത്തവര്‍ പോകാനും തിരികെ എത്താനും പ്രയാസപ്പെടും. വനിതകള്‍ക്ക് വിദൂരദേശങ്ങളില്‍ ചുമതല നല്‍കിയത് മാനസിക പിരിമുറുക്കമുണ്ടാക്കുന്നതായും പരാതിയുണ്ട്.