ഇന്ന് സൂപ്പർ സൺഡെ; കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും പട്ടിക ഇന്നറിയാം


കോഴിക്കോട്: കോൺഗ്രസ്സിന്റെയും ബിജെപിയുടെയും പട്ടിക ഇന്ന് പുറത്തിറങ്ങും. സൂപ്പർ സൺഡെ ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം. ഇന്നത്തോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിയും.

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണരംഗത്ത് ഒരടി മുന്നിലെത്തിക്കഴിഞ്ഞു. എന്നാൽ, സാധ്യതാപ്പട്ടികയുടെ പേരിൽതന്നെ യു.ഡി.എഫിൽ പലയിടത്തും പ്രതിഷേധം തുടരുകയാണ്. ചിട്ടയായ സംഘടനാപ്രവർത്തനമുള്ള മുസ്‌ലിം ലീഗിൽ സംസ്ഥാന സെക്രട്ടറിവരെ പ്രതിഷേധത്തിന്റെ നോവറിഞ്ഞു. എല്ലാം മൂന്നോ നാലോ ആളുകൾ ചേർന്ന് തീരുമാനിക്കുന്നു എന്നതാണ് കോൺഗ്രസിലെ വിമർശനം.

പൊന്നാനിയിലും കുറ്റ്യാടിയിലുമായിരുന്നു സി.പി.എം. പ്രതീക്ഷിക്കാത്തവിധത്തിൽ അണികളുടെ പ്രതിഷേധമുയർന്നത്. അച്ചടക്ക വാൾവീശി അതു തണുപ്പിക്കാനും തീരുമാനത്തിൽ മാറ്റംവരുത്താതെ കളത്തിലിറങ്ങാനും സി.പി.എമ്മിന് കഴിഞ്ഞു. എന്നാൽ, സി.പി.ഐ.യിൽ കാഞ്ഞങ്ങാട്ടും ചടയമംഗലത്തും മുറുമുറുപ്പ് അവസാനിച്ചിട്ടില്ല. പിറവം സീറ്റിലേക്ക് സി.പി.എം. അംഗത്തെ സ്ഥാനാർഥിയാക്കിയത് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും തലവേദനയായി.

കൊല്ലത്ത് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിനിടെ ബിന്ദു കൃഷ്ണ വിതുമ്പി. പാലക്കാട്ട് ഒറ്റപ്പാലവും മലമ്പുഴയും കോൺഗ്രസ് പെയ്‌മെന്റ് സീറ്റാക്കിമാറ്റി എന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പരാതി. മുൻ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ് നൽകിയ അന്ത്യശാസനവും ഞായറാഴ്ച അവസാനിക്കും. തിരൂരങ്ങാടിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് വേണ്ടെന്നാണ് ഒരുവിഭാഗം പ്രവർത്തകരുടെ ആവശ്യം. കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലും സ്ഥാനാർഥിയെച്ചൊല്ലി ഭിന്നത നിലനിൽക്കുന്നു.

ബി.ജെ.പി.യിൽ ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനോട് മത്സരിക്കാൻ ഒരുങ്ങിയിരിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളെല്ലാം മത്സരിക്കണം എന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. നടൻ സുരേഷ് ഗോപി ഉൾപ്പെടെ വലിയൊരു സംഘം പട്ടികയിലുണ്ടാവുമെന്നാണ് സൂചന.

സുരേന്ദ്രൻ മഞ്ചേശ്വരത്തും, കുമ്മനം നേമത്തും, സുരേഷ് ഗോപി തൃശ്ശൂരും, ഇ.ശ്രീധരൻ പാലക്കാടും മത്സരിക്കും. കോഴിക്കോട് നോർത്തിൽ എം.ടി.രമേഷാവും സ്ഥാനാർത്ഥി. അൽഫോൺസ് കണ്ണന്താനത്തോടും മത്സരത്തിനിറങ്ങാൻ കേന്ദ്ര നേതൃത്വം നിർദേശിച്ചതായാണ് വിവരം.