ഇന്ധനവില വര്‍ധനവിനെതിരെ സമരം; ചക്ര സ്തംഭന സമരത്തില്‍ നിശ്ചലമായി പേരാമ്പ്ര നഗരം


ചെമ്പ്ര: ഇന്ധന കൊള്ളയ്ക്ക് എതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരം പേരാമ്പ്രയിലെ ചെമ്പ്രയില്‍ സിഐടിയു ഏരിയ കമ്മിറ്റി അംഗം കെ.ഹനീഫ ഉദ്ഘാടനം ചെയ്തു. സി എം അബൂബക്കര്‍, ബിജീഷ് വരദാനം, മുഹ്സിന്‍ വി പി, തോമസ് വെട്ടുകല്ലേല്‍ എന്നിവര്‍ സംസാരിച്ചു. പേരാമ്പ്രയിലെ വിവിധയിടങ്ങളില്‍ സമരം സംഘടിപ്പിച്ചു.

സംസ്ഥാനത്താകെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം സംഘടിപ്പിച്ചു. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. വാഹനങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്ന തരത്തില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചത്. ആംബുലന്‍സ് ഉള്‍പ്പെടെ അവശ്യസര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പേരാമ്പ്രയില്‍ നിരവധി വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് സമരത്തില്‍ പങ്കാളികളായി.