ഇടതുപക്ഷത്തിന്റെ ലക്ഷ്യം വിശപ്പ് രഹിതകേരളമെന്ന് മുഖ്യമന്ത്രി


കോഴിക്കോട്: കേരളത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണ് എല്‍ഡിഎഫ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത സര്‍ക്കാര്‍ വന്നാല്‍ സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ഫെഡും വിപുലപ്പെടുത്തും. റേഷന്‍ കടകളില്‍ മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ കൂടി വില്‍ക്കാന്‍ അനുവദിക്കും. സ്വകാര്യ വിപണനശാലകള്‍ക്ക് ഔദ്യോഗിക റേറ്റിങ്ങും ഏര്‍പ്പെടുത്തും. എല്ലാപഞ്ചായത്തിലും ജനകീയഹോടല്‍ ഉറപ്പാക്കും.

ജനസംഖ്യാനുപാതികമായി കൂടുതല്‍ ഹോട്ടലുകള്‍ ആരംഭിക്കും. തോട്ടംമേഖലയില്‍ പ്രത്യേകമായി ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കും. ഇന്ത്യ വിശപ്പിന്റെ റിപ്പബ്ലിക് എന്നറിയപ്പെടുമ്പോള്‍ കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവര്‍ന്നെടുക്കുന്ന കേന്ദ്രനിയമംഫെഡറലിസത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.