ഇ.കെ.പത്മനാഭൻ മാസ്റ്റർ; രാഷ്ടീയ പ്രവർത്തകനായും, കലാ-സാംസ്കാരിക പ്രവർത്തകനായും, അധ്യാപകനായും തിളങ്ങിയ അതുല്യ പ്രതിഭയെന്ന് എൻ.സുബ്രഹ്മണ്യൻ


കൊയിലാണ്ടി: ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷനും, പ്രമുഖ നാടക പ്രവർത്തകനും, കലാ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ഇ.കെ.പത്മനാഭൻ മാസ്റ്ററുടെ ചരമവാർഷികം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.

കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഡിസിസി പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ, രാജേഷ് കീഴരിയൂർ, നടേരി ഭാസ്കരൻ, ശ്രീജാ റാണി, കെ.പി.വിനോദ്കുമാർ, മനോജ് പയറ്റുവളപ്പിൽ എന്നിവർ പങ്കെടുത്തു.

വൈകീട്ട് സി.കെ.ജി സെൻ്ററിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സിക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. രാഷ്ടീയ പ്രവർത്തകനായും, കലാ-സാംസ്കാരിക പ്രവർത്തകനായും, അധ്യാപകനായും ഒരേ പോലെ തിളങ്ങിയ അതുല്യ പ്രതിഭയായിരുന്നു ഇകെപി യെന്നും, അദ്ദേഹത്തെ പോലുള്ളവരുടെ നേതൃത്വം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഏറ്റവും അനിവാര്യമായ സമയമാണിതെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.

കെ.പി.സി.സി സിക്രട്ടറി കെ.എൽ.പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ടീയ ദർശനം എന്ന വിഷയത്തിൽ അംശുലാൽ പൊന്നാറത്ത് ക്ലാസ്സെടുത്തു. വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു.
വി.ടി.സുരേന്ദ്രൻ, കെ.പി.പ്രഭാകരൻ, നടേരി ഭാസ്കരൻ, പി.കെ.ശങ്കരൻ, എം.സതീഷ് കുമാർ, കെ.വി.റീന, പി.വി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.