ആൾക്കൂട്ടം കണ്ട് ബസ് നിർത്തി, മൂന്ന് ജീവൻ മുങ്ങിത്താഴുന്നുണ്ടെന്നറിഞ്ഞ് പാലത്തിൽ നിന്ന് പുഴയിലേക്ക് എടുത്തു ചാടി; ചാനിയം കടവിൽ രക്ഷകനായത് ഐശ്വര്യ ബസിലെ ഡ്രൈവർ നിബിൻ


വടകര: ചാനിയംകടവ് പേരാമ്പ്ര റൂട്ടിൽ ഓടുന്ന ഐശ്വര്യ ബസ്സിലെ ഡ്രൈവർ നിബിൻ പന്തിരിക്കര ഇന്ന് രക്ഷപ്പെടുത്തിയത് മൂന്ന് ജീവനുകൾ. ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ അമ്മയെയും രണ്ട് പിഞ്ചുമക്കളെയുമാണ് സമയോചിതമായ ഇടപെടലിലൂടെ നിബിൻ രക്ഷപ്പെടുത്തിയത്.

ഇന്ന് വൈകീട്ട് 4 മണിക്കാണ് പാലത്തിൽ നിന്ന് അമ്മ രണ്ടു മക്കളെയുമെടുത്ത് പുഴയിലേക്ക് ചാടിയത്. ആ സമയത്താണ് അത് വഴി ട്രിപ്പ് പോവുകയായിരുന്ന പേരാമ്പ്ര-വടകര റൂട്ടിലോടുന്ന ഐശ്വര്യ ബസ്സിലെ ഡ്രൈവർ നിബിൻ പന്തിരിക്കര ആൾക്കൂട്ടത്തെ കണ്ട് വണ്ടി നിർത്തി ആളുകളോട് കാര്യമന്വേഷിച്ചത്. പുഴയിലേക്ക് നോക്കിയപ്പോൾ കാണുന്നത് മുങ്ങിപൊങ്ങുന്ന കുട്ടികളെയാണ്.

മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ പെട്ടെന്ന് തന്നെ പുഴയിലേക്ക് എടുത്തു ചാടി മൂന്ന് പേരെയും നാട്ടുകാരുടെ സഹായത്തോടെ കരക്ക് കയറ്റുകയായിരുന്നു. സമയോചിതമായ ഇടപെടൽ നടത്തി മൂന്ന് ജീവൻ രക്ഷിച്ചെടുത്ത നിബിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

പേരാമ്പ്ര സ്വദേശിനിയാണ് മക്കളെയും എടുത്ത് പുഴയിൽ ചാടിയത്. ഒമ്പതര മാസവും മൂന്നു വയസ്സും പ്രായമുള്ളവരാണ് കുട്ടികൾ. ഇവർ വടകരയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.