ആറ് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ്‌സോണില്‍: ഇവിടങ്ങളില്‍ യാത്രാവിലക്ക്; മേപ്പയ്യൂരില്‍ നിയന്ത്രണം കടുപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ആറുവാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുള്‍പ്പെടെ 332 കോവിഡ് പോസിറ്റീവുകളാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലുള്ളത്.
മേപ്പയ്യൂര്‍ ടൗണ്‍ (വാര്‍ഡ് എട്ട്), മേപ്പയ്യൂര്‍ (വാര്‍ഡ് മൂന്ന്) കായലാട് (വാര്‍ഡ് ഏഴ്) ചങ്ങരംവെള്ളി (വാര്‍ഡ് ആറ്), നരക്കോട് (വാര്‍ഡ് 12), വിളയാട്ടൂര്‍ (വാര്‍ഡ് 16) എന്നീ വാര്‍ഡുകളാണ് കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. ചങ്ങരംവെള്ളി വാര്‍ഡിലാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരടക്കം 41 രോഗികളാണ് ഈ വാര്‍ഡിലുള്ളത്.
കണ്ടയ്ന്‍മെന്റ് സോണായ മറ്റുവാര്‍ഡുകളിലെ കേസുകളുടെയെണ്ണം: മേപ്പയ്യൂര്‍ (20), കായലാട് (25), മേപ്പയ്യൂര്‍ ടൗണ്‍ (21), നരക്കോട് (26), വിളയാട്ടൂര്‍ (20).
പഞ്ചായത്തിലെ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ രോഗവ്യാപനം തടയാന്‍ വരുംദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കര്‍ശനമായി വിലക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിനും രോഗവ്യാപനം കാര്യക്ഷമമായി തടയുന്നതിനുമുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും വാക്‌സിനേഷന്‍, കോവിഡ് പരിശോധന, ബോധവത്കരണം എന്നിവ കാര്യക്ഷമമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണസഹകരണം ആവശ്യമാണെന്ന് യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.
വാക്‌സിനേഷന്‍ നല്‍കുന്നത് വര്‍ധിപ്പിക്കണമെന്നും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുപകരം സ്‌പോട്ട് രജിസ്‌ട്രേഷന്‍ മതിയെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു. കൂടാതെ വാണിജ്യ സ്ഥാപനങ്ങള്‍ മുഴുവനും തുറക്കാന്‍ അനുമതി വേണമെന്നും കണ്ടയന്മെന്റ് സോണുകള്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ജില്ലയിലെ കോവിഡ് വ്യാപനം ഒരുമാസത്തിനകം നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രപദ്ധതി യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ഇതുപ്രകാരം വീടുകള്‍ തോറും കയറി നിരീക്ഷണം നടത്താനും പത്തുദിവസത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് ടെസ്റ്റിംഗ്, വാക്‌സിനേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവര്‍ ഒഴികെയുള്ള ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയാണ് വീടുകള്‍ കയറിയുള്ള നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയത്.
ഓരോ വീടുകളിലും കോവിഡ് രോഗികളുണ്ടോ, ഉണ്ടെങ്കില്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കത്തില്‍വരാതെ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കൂടാതെ ഇത്തരം വീടുകളില്‍ കോവിഡ് ഗുരുതരമാകാന്‍ ഇടയിലുള്ള ദുര്‍ബലവിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ രോഗികളെ ഡി.സി.സികളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരെയും രോഗപരിശോധനയ്ക്ക് വിധേയരാക്കാനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയെല്ലാം ടെസ്റ്റ് ചെയ്തു എന്ന് ഉറപ്പാക്കാനും യോഗത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിനായി കഴിഞ്ഞദിവസം മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് ആര്‍.ആര്‍.ടിമാരുടെ യോഗം വിളിച്ചുചേര്‍ക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.