അയനിക്കാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാലകവർന്ന പ്രതി മറ്റൊരു കവർച്ചയ്ക്കിടെ പിടിയിൽ


പയ്യോളി: അയിനക്കാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിലെ പ്രതി പോലീസ് പിടിയിലായി. മേപ്പയ്യൂർ നരക്കോട് മരുതേരിപ്പറമ്പത്ത് അൻഷാദ് സമാൻ 21 വയസ്സ് ആണ് പിടിയിലായത്. കണ്ണൂർ ചൊക്ലിയിൽ വെച്ച് മാറ്റാരു മാല മോഷണശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ച് ബൈക്കിലെത്തി മാല തട്ടിപ്പറിക്കാനുള്ള ശ്രമം വീട്ടമ്മ ചെറുത്തു നിന്നതോടെ പരാജയപ്പെടുകയായിരുന്നു. എങ്കിലും പിടിവലിക്കിടെ മുറിഞ്ഞ മാലയുടെ ഒരു ഭാഗവും കൊണ്ടായിരുന്നു മോഷ്ടാവ് രക്ഷപ്പെട്ടത്.

അയനിക്കാട് പരേതനായ മരവന്റെ കണ്ടി ഗോപാലന്റെ ഭാര്യ സരസ (59) യുടെ നാലരപവന്റെ സ്വര്‍ണ്ണമാലയാണ് മോഷ്ടാവ് പിടിച്ച് പറിക്കാന്‍ ശ്രമിച്ചത്. നടന്ന് വരികയായിരുന്ന വീട്ടമ്മയെ ബൈക്കില്‍ പുറകിലൂടെയെത്തി മാല പിടിച്ച് വലിക്കാനാണ് മോഷ്ടാവ് ശ്രമിച്ചത്. പിടിവലിക്കിടെ മാല പൊട്ടുകയും മാലയുടെ ഒരു ഭാഗം ഇയാൾ കൈക്കലാക്കുകയുമായിരുന്നു. എന്നാല്‍ വീട്ടമ്മ മോഷ്ടാവിന്റെ ചുമലിലെ ബാഗില്‍ പിടിച്ച് വലിച്ചതോടെ യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

പിന്നീട് ഇയാൾ രാവിലെ ഒൻപതരയോടെ ചൊക്ലി പെരിങ്ങളം അണിയാരം ശിവക്ഷേത്രത്തിന് സമീപത്ത് വെച്ച് കെ.പി.ലക്ഷ്മി എന്നയാളുടെ ആറരപ്പന്റെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. മോഷണശ്രമത്തിനിടെ വീട്ടമ്മ ഇയാളുടെ ഷർട്ടിന് പിടിച്ച് വലിച്ചതോടെ ഇയാൽ ബൈക്കിൽനിന്ന് താഴെ വീണു. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ചൊക്ലി പോലീസ് സിഐ കെ.സി.സുഭാഷ് ബാബുവിനെ ഏൽപ്പിക്കുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്യലിനിടെയാണ് അയനിക്കാട്ടെ മോഷണ വിവരം പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. അയനിക്കാട്ടെ കവർച്ചശ്രമത്തിന് മുൻപ് അന്നേ ദിവസം അതിരാവിലെ ഇയാൾ കൊയിലാണ്ടി ഭാഗത്തും സമാനമായ രീതിയിൽ മാല കവർന്നതായുള്ള വിവരവും പോലീസിന് ലഭിച്ചിരുന്നു. എന്നാൽ മാല സ്വർണ്ണമല്ലാത്തതിനാൽ പോലീസിൽ പരാതി ലഭിച്ചിട്ടില്ല. 2020ൽ മേപ്പയൂർ സ്റ്റേഷനിലും പ്രതിക്കെതിരെ സമാനമായ കേസുള്ളതായി പോലീസ് പറയുന്നു. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.