അധ്യാപകനും, സാഹിത്യകാരനും, പൊതുപ്രവർത്തകനുമായ മണിയൂർ ബാലൻ മാസ്റ്റർ അന്തരിച്ചു
തിക്കോടി: അധ്യാപകനും, സാഹിത്യകാരനും, പൊതു പ്രവർത്തകനുമായ മണിയൂർ ബാലൻ മാസ്റ്റർ (83) അന്തരിച്ചു. ഇന്ന് പുലർച്ചെ തിക്കോടിയിലെ വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. കൊയിലാണ്ടി ഗവ.സ്കൂൾ, പയ്യോളി ഗവ.ഹൈസ്കൂൾ തുടങ്ങി നിരവധി സ്കൂളുകളിൽ അധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. മണിയൂർ ജനത ലൈബ്രറി, ഗ്രാമീണ കലാവേദി എന്നിവയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഡിപാർട്ട്മെന്റ് സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട്, യുവകലാ സാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ടി.എൻ.കുമാരൻ സ്മാരക അവാർഡ്, പി.സ്മാരക തുളു മാസിക അവാർഡ്, പി.ആർ.നമ്പ്യാർ അവാർഡ്, പ്ലാവില അവാർഡ്, പ്രഭാത് നോവൽ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എട്ടോളം നോവലുകളും നിരവധി കഥാ സമാഹാരങ്ങളും ബാലൻ മാസ്റ്ററുടെതായി പുറത്തിറങ്ങിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപതിപ്പ്, ദേശാഭിമാനി വാരിക, ജനയുഗം വാരിക, ഭാഷാപോഷിണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ ബാലൻ മാസ്റ്ററുടെ കഥകൾ പ്രസിദ്ധികരിക്കാറുണ്ട്.
ഭാര്യ: പി.ജാനകി (റിട്ട.ഹെഡ്മിസ്ട്രസ്സ്). മക്കൾ: ബിന്ദു (അധ്യാപിക, വാകയാട് എച്ച്.എസ്), ഇന്ദുഭായി (രജിസ്ട്രാർ ഓഫീസ്), ദീപ്തി (താലൂക്ക് ഓഫീസ്). മരുമക്കൾ: രാധാകൃഷ്ണൻ, ചന്ദ്രൻ, മനോജ്.