അധികൃതരുടെ അനാസ്ഥ; കക്കയം ഡാം സൈറ്റ് റോഡ് തകര്‍ച്ചയില്‍
കൂരാച്ചുണ്ട് :പൊതുമരാമത്ത് അധീനതയിലുള്ള കക്കയം ഡാം സൈറ്റ് റോഡ് അധികൃതരുടെ അവഗണനയില്‍ തകര്‍ന്ന് വാഹന ഗതാഗതം ദുഷ്കരമാകുന്നു. സര്‍ക്കാര്‍ വര്‍ഷങ്ങളായി ഡാം റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കുന്നില്ല. കക്കയംവാലി,ബിവിസി മേഖലകളില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയം,മലയിടിച്ചില്‍,ഉരുള്‍പൊട്ടല്‍ എന്നിവയില്‍ നശിച്ച ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണു പാതയുടെ നാശം പൂര്‍ണമാക്കിയത്.
ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വന്‍ഗര്‍ത്തം രൂപപ്പെട്ടു. ജീപ്പ്,കാര്‍,ഇരുചക്ര വാഹനങ്ങള്‍ എന്നിവയില്‍ യാത്ര തീര്‍ത്തും ദുരിതമാണ്. ഡാം സൈറ്റ് മേഖലയിലേക്ക് കെഎസ്ഇബി,ഫോറസ്റ്റ്,പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജീവന് പണയം വച്ചാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.
ഓവുചാലുകള്‍ നിര്‍മിക്കാത്തതിനാല്‍ പാതയോരം പൂര്‍ണമായും നശിച്ച നിലയിലാണ്. റോഡിന് ഇരുവശവും കാട് കയറിയതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുകയാണ്. കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള ഈ റോഡ് നവീകരണത്തിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നു.