അച്ചടക്കത്തിന്റെ പുതിയ മുഖവുമായി കോണ്‍ഗ്രസ്; സെമി-കേഡര്‍ സംവിധാനത്തിന്റെ തുടക്കം കോഴിക്കോട്ട് നിന്ന്; ഡി.സി.സി യോഗത്തിലെ കാഴ്ചകള്‍ ഇങ്ങനെ


കോഴിക്കോട്: കോണ്‍ഗ്രസ് അച്ചടക്കത്തിന്റെ പാതയില്‍ യാത്ര തുടങ്ങിയെന്ന സൂചന നല്‍കി കോഴിക്കോട് ഡി.സി.സിയുടെ നേതൃയോഗം. പതിവ് ഡി.സി.സി യോഗങ്ങളില്‍ നിന്ന് വിപരീതമായ കാഴ്ചകളാണ് കോഴിക്കോട്ടെ യോഗത്തില്‍ ഇന്ന് കണ്ടത്. കോണ്‍ഗ്രസ് സെമി-കേഡര്‍ സംവിധാനത്തിലേക്ക് പോകുന്നതിന്റെ ആദ്യപടി കൂടിയായി കോഴിക്കോട് ഡി.സി.സി യോഗം.

മുമ്പത്തെ പോലെ പാര്‍ട്ടിക്കാരുടെ തള്ളിക്കയറ്റമോ നേതാക്കള്‍ക്ക് ചുറ്റുമുള്ള കൂടിനില്‍പ്പോ ഒന്നും ഇന്നത്തെ യോഗത്തില്‍ ഉണ്ടായില്ല. ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ ഓരോ നേതാക്കള്‍ക്കും കൃത്യമായി ഒരുക്കി. യോഗത്തിനെത്തുന്നവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്തു. പിന്നീട് തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സീറ്റ് നമ്പര്‍ രേഖപ്പെടുത്തിയ ഇരിപ്പിടങ്ങളിലേക്ക് നേതാക്കളെത്തി. അതിനാല്‍ തന്നെ വൈകിയാല്‍ കസേര പോകുമെന്ന പേടിയും നേതാക്കള്‍ക്ക് ഇല്ലാതായി.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഡി.സി.സി യോഗത്തില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്തവരുടെ എണ്ണവും വരാതിരുന്നവരുടെ എണ്ണവും അവധിയെടുത്തവരുടെ എണ്ണവും യോഗത്തിന് ശേഷം ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ഉറക്കെ വായിച്ചു. വരാതിരുന്നവര്‍ക്ക് നോട്ടീസ് അയക്കുമെന്നും തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ സ്ഥാനം തെറിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

പഴയ കാലത്തില്‍ നിന്നുള്ള വ്യത്യാസം വേദിയിലും വ്യക്തമായി പ്രതിഫലിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റിനു പുറമെ ഡി.സി.സി പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്നിവര്‍ മാത്രമാണ് വേദിയില്‍ ഉണ്ടായിരുന്നത്. സ്റ്റേജിലെ ബോര്‍ഡില്‍ നേതാക്കളുടെ ചിത്രം ഇല്ല എന്നതും ശ്രദ്ധേയമായി.

നേതാക്കളുടെ പ്രസംഗം അച്ചടക്കത്തോടെ കേട്ടിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും പുതുമയുള്ള കാഴ്ചയായി. പുറത്തു പോകാനുള്ള നിര്‍ദ്ദേശം നല്‍കിയപ്പോള്‍ അനുസരണയോടെ പുറത്തേക്ക് പോകുകയും ചെയ്തു പ്രവര്‍ത്തകര്‍.

വേദിയില്‍, പേരെഴുതിയ കസേരകളില്‍ ചുരുക്കം ചില നേതാക്കള്‍. ഹാളില്‍ ആദ്യ വരിയില്‍ കെ.പി.സി.സി ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും. തുടര്‍ന്ന് ഡി.സി.സി ഭാരവാഹികള്‍, ശേഷം ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷക സംഘടനാ, ജില്ലാ, സംസ്ഥാന ഭാരവാഹികള്‍, അവസാനം മണ്ഡലം പ്രസിഡന്റുമാര്‍. ഇങ്ങനെ ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നു സീറ്റ് റിസര്‍വേഷന്‍. ആര്‍ക്കും ഒരു പരിഭവവും സങ്കടവുമില്ല.

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍

സി.യു.സി അഥവാ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയാണ് കോണ്‍ഗ്രസിന്റെ കേഡര്‍ സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ തുടക്കം. 1,25,000-ല്‍ അധികം സി.യു.സികള്‍ക്ക് ഡിസംബര്‍ 28- ഓടെ രൂപംനല്‍കാനാണ് കെ.പി.സി.സിയുടെ തീരുമാനം.

ആദ്യ ഘട്ടത്തില്‍ നിലവില്‍ വന്ന സി.യു.സിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് പാലക്കാട് കരിമ്പുഴയില്‍ നടക്കും. വര്‍ത്തമാനകാല വെല്ലുവിളികള്‍ നേരിടാനും ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനും ഗാന്ധിയന്‍ തത്വസംഹിതകളിലൂന്നി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുമാണ് ലക്ഷ്യം. കോണ്‍ഗ്രസ് വീടുകളേയും സൗഹൃദ വീടുകളിലെ കോണ്‍ഗ്രസ് അംഗങ്ങളേയും ചേര്‍ത്താണ് സി.യു.സി രൂപീകരിച്ചിട്ടുള്ളത്.

ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് കഴിവ് തെളിയിക്കാന്‍ ആറു മാസം

ഖദറുമിട്ട് നേതാവ് ചമഞ്ഞ് നടക്കാമെന്ന് കരുതുന്ന നേതാക്കള്‍ക്ക് സ്ഥാനമില്ലെന്ന് ഉറപ്പിച്ചുപറയുന്നുണ്ട് കെ. സുധാകരന്‍. സി.യു.സി അംഗങ്ങള്‍ മുതല്‍ എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാവും. ആറ് മാസമാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പ്രൊബേഷന്‍ കാലാവധി. അതിന് മുമ്പെ റിസല്‍ട്ട് ഉണ്ടാക്കണം. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തോല്‍പിക്കുന്ന നേതാക്കളെ വേണ്ടെന്നും സുധാകരന്‍ പറയുന്നു.

അച്ചടക്കം പഠിപ്പിക്കാന്‍ കൈപ്പുസ്തകം

പാര്‍ട്ടി ക്ലാസുകള്‍ക്കെല്ലാം പുറമെ കോണ്‍ഗ്രസിന്റെ മാര്‍ഗരേഖകള്‍ സംബന്ധിച്ച് കൈപ്പുസ്തകം ഇറക്കി നേതാക്കള്‍ക്ക് വിതരണംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ നേതാവും വഹിക്കേണ്ട ചുമതലയും കര്‍ത്തവ്യങ്ങളും എണ്ണമിട്ട് പറയുന്നതാണ് കൈപ്പുസ്ത്തകം. നേതാക്കള്‍ക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ ചൊറിയുന്നവര്‍ക്കെതിരേ മുന്നും പിന്നും നോക്കാത്ത നടപടിയുണ്ടാവുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറയുന്നു.