അകലാപ്പുഴ പാലം ഉടന്‍ യാഥാര്‍ഥ്യമാകും; അലൈന്മെന്റുമായി ബന്ധപ്പെട്ട പരാതിയില്‍ ന്യായമുണ്ട്; പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ടി.പി രാമകൃഷ്ണന്
പേരാമ്പ്ര: അകലാപ്പുഴ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്. കീഴരിയൂര്‍ – തുറയൂര്‍ റോഡിലെ മുറിനടക്കല്‍ പാലം പ്രവൃത്തി ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അകലാപ്പുഴ പാലത്തിനുവേണ്ടിയുള്ള അലൈന്മെന്റ് വര്‍ക്കെല്ലാം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നിട്ടുള്ളതാണ്. പക്ഷെ എവിടെയും എത്തിയിരുന്നില്ല. 2016-21ലെ സര്‍ക്കാറിന്റെ സമയത്താണ് കിഫ് ബി പദ്ധതിയില്‍പ്പെടുത്തി 37 കോടി രൂപ ചിലവഴിച്ച് പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ഇതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴാണ് പഴയ അലൈന്മെന്റുമായി ബന്ധപ്പെട്ടുള്ള ഒരു തര്‍ക്കം ഉടലെടുക്കുന്നതെന്നും ഇതാണ് പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
‘തര്‍ക്കം ഉന്നയിച്ചതാരാണെന്നൊന്നും അറിയില്ല. പക്ഷെ അയാള്‍ ഉന്നയിച്ച കാര്യം ന്യായമാണ്. അതിന്റെ പ്രശ്നങ്ങളെല്ലാം പരിശോധിച്ച സമയത്ത് ഒരു സ്ഥലത്തെ രണ്ടായി പകുത്ത് അപ്രോച്ച് റോഡ് പോകും. അതിന്റെ ആവശ്യമേ ഇല്ലെന്നാണ് അന്വേഷിച്ചപ്പോള്‍ മനസിലായത്. ആരാണത് കൈകാര്യം ചെയ്തത് ഏത് ധാരണയാണ് അവിടെ രൂപപ്പെട്ടത് എന്ന് അറിയില്ല. ഇപ്പോള്‍ ഈ പ്രശ്നം കോടതിയുടെ മുന്നിലാണ്. കോടതിയുടെ മുന്നിലുള്ള പരാതി ന്യായമാണ്. ഇതാണ് അകലാപ്പുഴ പാലത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതിന് ഇടയാക്കിയത്. അത് പരിഹരിക്കുന്നതിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ ഡിപ്പാര്‍ട്ട്മെന്റിന്റെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ത്ത് സംഭാഷണം നടത്തി ഒത്തുതീര്‍പ്പുണ്ടാക്കും.’ അദ്ദേഹം വ്യക്തമാക്കി.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാലം യാഥാര്‍ത്ഥ്യമാകുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെക്കൊണ്ടുതന്നെ അതിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അകലാപ്പുഴ പ്രദേശത്തെ ടൂറിസം വികസന സാധ്യതകള്‍ പരിഗണിച്ച് കീഴരിയൂര്‍ തുറയൂര്‍ റോഡ് വികസനത്തിനായുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
‘അകലാപ്പുഴയുടെ ഓരപ്രദേശങ്ങള്‍ എടുത്താല്‍ ടൂറിസം വികസനത്തിന് ഏറെ പ്രാധാന്യമുള്ള മേഖലയാണ്. ഉള്‍നാടന്‍ മത്സ്യബന്ധത്തിന് പ്രാധാന്യമുള്ള മേഖലകൂടിയായി ഇത് മാറും. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ മത്സ്യ ഉല്പാദന രംഗത്ത് ഈ പ്രദേശത്തെ കൂടി ബന്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള ശ്രമം നടന്നുകഴിഞ്ഞു. ഈ കാര്യങ്ങള്‍ കൂടി പരിഗണിച്ച് കീഴരിയൂര്‍ തുറയൂരിനെ ബന്ധപ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ച് ഒരു റോഡ് വികസന പദ്ധതി ആലോചനയിലാണ്. പദ്ധതി പൂര്‍ണമായി പ്രഖ്യാപിക്കാറായിട്ടില്ല.’ അദ്ദേഹം പറഞ്ഞു.