കൊയിലാണ്ടി ബാറില്‍ മദ്യപിച്ച് ബഹളം വച്ച് യുവാക്കള്‍; അന്വേഷിക്കാനെത്തിയ പോലീസുകാര്‍ക്ക് നേരെ അക്രമണം, എ.എസ്.ഐക്ക് പരിക്ക്‌


കൊയിലാണ്ടി: പാർക്ക് റെസിഡൻസി ബാറിൽ മദ്യപിച്ച് ബഹളം വച്ചത് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. ഞായറാഴ്ച രാത്രി 8.30ഓടയൊണ് സംഭവം. ബാറിൽ പതിനഞ്ച് പേരോളം അടങ്ങുന്ന സംഘം മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്‌.

എ.എസ്.ഐ അബ്ദുൾ റക്കീബ്, എസിപിഒ നിഖിൽ, സിപിഒ പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്. ആനക്കുളം സ്വദേശികളായ മിലിട്ടറി ഉദ്യോഗസ്ഥൻ ആനന്ദ് ബാബു, സഹോദരൻ അശ്വിൻ ബാബു, മനുലാൽ, വിഷ്ണു എന്നിവർ ചേർന്നാണ് അക്രമണം നടത്തിയയതെന്ന് എ.എസ്.ഐ അബ്ദുൾ റക്കീബ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടും ബഹളം തുടർന്ന സംഘത്തെ ബാറിന് പുറത്താക്കി ഗേറ്റ് അടക്കുന്നതിനിടെയാണ് സംഭവം. അക്രമണത്തിൽ എ.എസ്.ഐ റഖീബിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിസംഘം ശക്തമായി ഗേറ്റ് തള്ളിയപ്പോൾ വലത് കൈയ്ക്ക് പരിക്കേൽക്കുകയായിരുന്നുവെന്ന്‌ എ.എസ്.ഐ പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐയെ അക്രമിസംഘം പിടിച്ചു തള്ളുകയും ചെയ്തു. ഗേറ്റിന് പുറത്താക്കിയതോടെ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച നാല് പേർ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആനന്ദ് ബാബു, സഹോദരൻ അശ്വിൻ ബാബു, മനുലാൽ, വിഷ്ണു എന്നിവർക്കെതിരെ കേസെടുത്തതായി സി.ഐ ശ്രീലാൽ ചന്ദ്ര ശേഖരൻ പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.