പേരാമ്പ്രയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി പിടിയിലായത് വേളം സ്വദേശി


പേരാമ്പ്ര: പേരാമ്പ്രയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. വേളം ചെമ്പോട്ടു പൊയില്‍ ഷിഗില്‍ ലാലിനെയാണ് പോലീസ് വെള്ളിയാഴ്ച കഞ്ചാവുമായി പിടികൂടിയത്. പരിശോധനയില്‍ ദേഹത്ത് ഒളിപ്പിച്ച നിലയിലായില്‍ അമ്പതു ഗ്രാമിന് മുകളില്‍ തൂക്കം വരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്.

പേരാമ്പ്രയില്‍ മറ്റൊരാള്‍ക്ക് വില്പനയ്ക്കായി എത്തിച്ചതായിരുന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി.ലതീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ പിടിച്ചത്. രണ്ടാഴ്ച മുമ്പും ഇയാളില്‍ നിന്ന് വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. ലഹരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ഡി.വൈ.എസ്.പി പറഞ്ഞു.