വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ
പേരാമ്പ്ര: പേരാമ്പ്ര കാവുന്തറ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി (29) യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും 0.200 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുന്നു.
പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ വളരെക്കാലമായി കുട്ടികൾക്കടക്കം എം.ഡി.എം.എ വിൽപന നടത്തിയിരുന്നതായി നാട്ടുകാർക്ക് നേരത്തേ പരാതിയുണ്ടായിരുന്നു. തുടർന്ന് ഒരാഴ്ചയായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇയാൾ വിൽപ്പനയ്ക്കായി പാക്കറ്റുകൾ കൈവശം സൂക്ഷിച്ചിരുന്നതായും, എം.ഡി.എം.എ തൂക്കുന്നതിന് ത്രാസും എം.ഡി.എം.എ ഉപയോഗിക്കുന്ന ചില്ലു കുഴലും ഇയാളിൽ നിന്നും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഇയാൾ വിൽപന നടത്തി കിട്ടിയ 8000 ത്തിൽപരം രൂപയും പോലീസ് പിടിച്ചെടുത്തു. എം.ഡി.എം.എ കൈവശം വെച്ചതിന് പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.
Summary: Youth arrested in Perampra with MDMA drug for sale