അര്‍ധരാത്രി വരെ തുറന്നു പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടക്കട, കച്ചവടത്തിന്റെ മറവില്‍ വില്‍പ്പന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍; കോഴിക്കോട് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത് മുന്നൂറിലധികം പുകയില പായ്ക്കറ്റുകള്‍


കോഴിക്കോട്: കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. കൊമ്മേരി സ്വദേശി ഹസ്സന്‍ കോയ(37)യെ ആണ് മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ കെ സുരേഷ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇയാള്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്.

രാവിലെയും വൈകുന്നേരവും മാത്രമാണ് കട തുറന്നു പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരം ആറുമണിക്ക് ശേഷം തുറക്കുന്ന കടയില്‍ അര്‍ധരാത്രി വരെ നിരോധിത പുകയില കച്ചവടം നടക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ രാത്രികാലങ്ങളില്‍ നിരോധിത പുകയില തേടിയെത്തുന്ന കടയിലാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കല്‍ കോളേജ് പൊലീസും പരിശോധന നടത്തിയത്.

മുന്നൂറിലധികം നിരോധിത പുകയില പായ്ക്കറ്റുകള്‍ പൊലീസ് പിടിച്ചെടുത്തു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

summary: youth arrested for selling banned tobacco products under cover of children’s toys shop