ബൈക്കപകടത്തിന്റെ ഞെട്ടല്‍ മാറാതെ അരിക്കുളത്തുകാര്‍; സായുജിന്റെ മൃതദേഹം വൈകുന്നേരം സംസ്‌ക്കാരിക്കും


അരിക്കുളം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് അരിക്കുളത്തുകാര്‍. ഇന്നലെ വൈകീട്ടാണ് എല്ലാവരെയും ദു:ഖത്തിലാഴ്ത്തിയ വാഹനാപകടം നടന്നത്. ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അരിക്കുളത്തെ കള്ളര്‍ക്കുന്നത്ത് സായൂജ് മരണപ്പെട്ടത്.

ബൈക്കില്‍ അരിക്കുളത്തുനിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു സായുജ്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സായൂജിനെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടിയല്‍ നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമായാണ് സായുജിന്റെ വാഹനം കൂട്ടിയിടിച്ചത്.

മകന്‍ തിരികെ വരുന്നതും കാത്തിരിക്കുകയായിരുന്ന മാതാപിതാക്കളും സഹോദരങ്ങളുമറിയുന്നത് സായുജിന്റെ വിയോഗവാര്‍ത്തയാണ്. തങ്ങള്‍ക്കൊപ്പം കളിചിരികളും തമാശകളും പങ്കിടാന്‍ ഇനി അവന്‍ തിരികെ വരില്ലെന്ന യാഥാര്‍ത്ഥ്യം ഇനിയും അവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. നാട്ടില്‍ നാടന്‍ പണിക്കാണ് സായുജ് പോയിരുന്നത്. അതിനാല്‍ എല്ലാവരുമായിട്ടും കൂട്ടായിരുന്നു. ഇന്നലെ വൈകുന്നേരം വരെ ചിരിച്ച മുഖത്തോടെ കണ്ട യുവാവിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള സഹോദരന്‍ എത്തിയശേഷം വൈകുന്നേരം സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും.