പയ്യോളി പോലീസിന്റെ മിന്നല്‍ പരിശോധന; ഇരിങ്ങത്ത് നിന്നും വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയില്‍, എത്തിച്ചത് മേപ്പയ്യൂര്‍, ഇരിങ്ങല്‍ പ്രദേശങ്ങളില്‍ വില്പനയ്ക്കായി



പയ്യോളി: ഇരിങ്ങത്ത് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യു.പി സ്വദേശി പയ്യോളി പോലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് കുയിമ്പിലുത്ത് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും യു.പി സ്വദേശിയായ ഷാബൂലാണ്(20) പിടിയിലായത്. ഇയാളില്‍ നിന്നും 1.700 ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്.

പ്രദേശത്ത് നാല് വര്‍ഷത്തോളമായി വെല്‍ഡിങ് ജോലി ചെയ്തുവരുന്ന ഇയാള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ട്രെയിന്‍ ഇറങ്ങി ബസ്സ് മാര്‍ഗ്ഗം ഇരിങ്ങത്ത് ഇറങ്ങി വാടക വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പ്രദേശവാസികള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പയ്യോളി പോലീസില്‍ വിവരമറിയിക്കുകയും പയ്യോളി സി.ഐ സജീഷ് എ.കെ, എസ്.ഐ ജയദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധിക്കുകയായിരുന്നു.

 

മേപ്പയ്യൂര്‍, ഇരിങ്ങത്ത് പ്രദേശങ്ങളില്‍ വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിതെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പയ്യോളി സി.ഐ സജീഷ് എ.കെ, എസ്.ഐ ജയദാസ്, ഡാന്‍സാഫ് സേനയിലെ എ.എസ്.ഐ വിനീഷ് വി.സി, മുജീബ് യു.സി, അഖിലേഷ്, എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ ഉണ്ടായിരുന്നത്.