സ്കൂള്‍ ബസ് കയറ്റി വിടാൻ വന്ന ഉമ്മ മരിച്ചതറിയാതെ അവർ സ്കൂളിലേക്ക് യാത്രയായി; തിരികെയെത്തുമ്പോൾ കാത്തിരുന്നത് ഉമ്മയുടെ ചലനമറ്റ ശരീരം; താമരശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് മരിച്ച ഫാത്തിമയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ കുടുംബം


താമരശ്ശേരി: ക്ലാസ്സിലെ കഥകളും അൽപ്പം കുറുമ്പുകളും ഒക്കെയായി സ്കൂൾ ബസ്സിൽ കയറാനായി ഉമ്മയുടെ കയ്യും പിടിച്ചു സമാനും അനിയൻ മുഹമ്മദ് ആരിഫും എത്തിയതായിരുന്നു. എന്നാൽ അത് വഴി ഓടിവന്ന തെരുവുനായ അവരുടെ ജീവിതം മാറ്റി മറിക്കുമെന്നു കുരുന്നുകൾ വിചാരിച്ചതേയില്ല.

കുരച്ചുകൊണ്ടു വന്ന തെരുവുനായകളെ ക്കണ്ട് ഭയന്ന് മാറവേ റോഡിലേക്കു വീണതു മാത്രമേ ഒമ്പതുവയസ്സുകാരനായ സമാന് ഓർമയുള്ളൂ. അൽപ്പം അപ്പുറത്ത് ‘അമ്മയും വീണെങ്കിലും നിസ്സാരമായ പരിക്കുകൾ മാത്രമേയുള്ളുവെന്നു വിശ്വസിപ്പിച്ചു നാട്ടുകാർ സമാനെ പൂനൂർ ഇഷാത്ത് പബ്ലിക് സ്കൂൾ ബസ്സിൽ കയറ്റി വിട്ടു. റോഡരികിലേക്കു വീണ സമാനിനു ചെറിയ പോറലുകൾ മാത്രമാണുണ്ടായിരുന്നത്. ഒന്നാംക്ലാസ് വിദ്യാർഥിയായ സഹോദരൻ മുഹമ്മദ് ആരിഫിനെ അയൽവാസിഅതേ സ്കൂളിൽ പഠിക്കുന്ന തന്റെ മകൾക്കൊപ്പം കാറിൽ സ്കൂളിലേക്ക് കൊണ്ടുപോയി.

ഇന്നാൽ ഇതേ സമയം അവരുടെ ഉമ്മ ഫാത്തിമ സാജിദ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിച്ചു അപകടമുണ്ടായി ജീവന് വേണ്ടി പിടയുകയായിരുന്നു. ഉടനെ തന്നെ ആളുകൾ ഓടി കൂടി മറഞ്ഞതിനാൽ കുട്ടികൾ ഈ രംഗം കണ്ടില്ല, കാര്യമറിയാതെയാണ് ഇരുവരും സ്കൂളിലേക്ക് പോയത്.

പിന്നീട് പത്തുമണിയോടെ ഇരുവരെയും സ്കൂൾ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ഇനി ഉമ്മ തങ്ങളോടൊപ്പമില്ല എന്നുള്ള വിവരം കുഞ്ഞുങ്ങൾ അറിയുന്നത്. മുപ്പത്തഞ്ചുകാരി സാജിതയുടെ മരണം കുടുംബാംഗങ്ങൾക്ക് താങ്ങാനായിട്ടില്ല. സ്കൂൾ യൂണിഫോമിൽ ഉമ്മയുടെ മൃതദേഹത്തിനരികെ നിൽക്കുന്ന കുട്ടികൾ നാടിനു മുഴുവൻ വേദന ഉളവാക്കുന്നതായിരുന്നു.

ബാലുശേരി-താമരശേരി റോഡില്‍ വനംവകുപ്പ് ഓഫീസിനു സമീപം രാവിലെ ഏഴേകാലോടെയാണ് അപകടം. യുവതിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവര്‍ വണ്ടി നിര്‍ത്തി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പര്‍.