കരിപ്പയറ്റിനായി ജീവിതം ഉഴിഞ്ഞുവെച്ച ഗുരുനാഥൻ; സുരേഷ് നമ്പ്യാരുടെ വിയോഗത്തിലൂടെ വടകരയ്ക്ക് നഷ്ടമായത് കടത്തനാടൻ കളരിപ്പയറ്റിൻ്റെ അതികായനെ
വടകര: കളരിപ്പയറ്റിനായി ജീവിതം ഉഴിഞ്ഞുവെച്ച കടത്തനാടൻ കളരിപ്പയറ്റിൻ്റെ അതികായനായിരുന്നു ഇന്ന് അന്തരിച്ച പുതുപ്പണം പടിഞ്ഞാറെ കരിപ്പള്ളി ഇ.എം.സുരേഷ് നമ്പ്യാർ. 1972 ലാണ് സുരേഷ് നമ്പ്യാർ പരോത്ത് കരുണൻ ഗുരുക്കളുടെ കളരിയിൽ കളരി പഠനം ആരംഭം കുറിച്ചത്. പിന്നീട് സാൻ്റോ കേളു ഗുരുക്കളുടെയും ചന്ദ്രൻ ഗുരുക്കളുടേയും കീഴിൽ പഠനം തുടർന്നു. ശേഷം കളരിപയറ്റിൻ്റെ ആഴങ്ങൾ തേടിയുള്ള യാത്രയായിരുന്നു.
തുളുനാടൻ കളരി ആശാൻ ആയ സി.ജെ.അഗസ്റ്റിൻ, തിക്കോടി ഹാജി ഗുരുക്കൾ, പൊന്നൻ ഉമ്മറുട്ടിക്ക, സുകുമാരൻ ഗുരുക്കൾ തുടങ്ങി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഗുരുക്കന്മാരിൽ നിരവധി നിന്നും അറിവുകൾ സ്വായത്തമാക്കി. കളരിയോടുള്ള അടങ്ങാത്ത താൽപ്പര്യത്തിൽ ഗുരുനാഥനായ കെ.പി.ചന്ദ്രൻ ഗുരുക്കൾക്ക് കളരി നടത്താൻ സ്വന്തം ഭൂമിയിൽ കളരി സ്ഥാപിച്ചു കൊടുത്തു.
വടകരയിലെ പ്രധാന കളരിയായ അങ്കം കടത്തനാടൻ കളരി 1990 ൽ സുരേഷ് നമ്പ്യാർ സ്ഥാപിച്ചതാണ്. കളരി മാത്രമല്ല കബഡിയിലും വോളിബോളിലും കഴിവുതെളിയിച്ചയാളായിരുന്നു സുരേഷ് നമ്പ്യാർ. മടപ്പള്ളി കോളജിൻ്റെ പഴയ കബഡി ടീം ക്യാപ്റ്റൻ ആയിരുന്നു.
കളരിപ്പയറ്റിൻ്റെ സാധ്യതകളുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളും ഗവേഷണളും സുരേഷ് നമ്പ്യാർ നടത്തുകയുണ്ടായി. കരാട്ടെ, കുങ്ഫു, മൊയ്തായ്, സിലംബം എന്നീ അയോധനകലയുടെ ഗുരുക്കൻന്മാരുമായി കളരിപയറ്റിൻ്റെ താരതമ്യ പഠനം നടത്തി. ബ്രൂസ് ലിയുടെ ‘JET KUNDO’ എന്ന ആയോധന കലയുമായി കളരിക്കുള്ള ബന്ധം പഠനം നടത്തിക്കൊണ്ടിരി ക്കുകയായിരുന്നു. ആത്മീയ ആചര്യൻ ശ്രീ ‘എം’ ൻ്റെ Satsang foundaton സത്സംഗ് ഫൗണ്ടേഷൻ്റെ കീഴിലുളള ആന്ധ്രയിലെ പെപൽ ഗ്രോവ് സ്കൂളിലെ കളരിഗുരു സ്ഥാനം, തച്ചോളി ഒതേന കുറുപ്പ് പൈതൃക കളരിയിലെ പ്രധാന ഗുരു സ്ഥാനം, ഗോവ കലാ അക്കാദമിയിലെ കളരി ഗുരുനാഥൻ, ഗുജറാത്തിലെ ബാവ് നഗറിലെ ഓഷോ ആശ്രമത്തിലെ കളരി ഗുരുക്കൾ എന്നി ചുമതലകൾ വഹിച്ചിരുന്നു.
കളരിപ്പയറ്റുമായി ബന്ധപ്പെട്ട്
ഡിസ്കവറി ചാനലിൽ ഫൈറ്റ് ക്വസ്റ്റ് 2009 എന്ന ഡോക്യുമെൻ്ററി ചെയ്തു. കളരിപ്പയറ്റുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടക്കുന്ന സെമിനാർ വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന സ്ഥിരം ക്ഷണിതാവു കൂടിയായിരുന്നു സുരേഷ് നമ്പ്യാർ.
കളരി വിദ്യാപീഠം സ്ഥാപക അംഗമായിരുന്നു. കേരള വിനോദ സഞ്ചാര മേഖലകളിൽ കളരിപ്പയറ്റ് പെർഫോമൻസ് സെൻ്റർ സ്ഥാപിക്കുകയും അത് വഴി കളരി മേഖലകളിൽ നിരവധിപേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
2022 ലെ പരോത്ത് കരുണൻ ഗുരുക്കൾ സ്മാരക കളരി ഗുരു ശ്രേഷ്ഠ പുരസ്കാമുൾപ്പടെയുള്ള നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വടകര മുനിസിപ്പാലിറ്റിയുടെ കളരി പ്രോജക്ടിൻ്റെ ഉപദേഷ്ടാവു കൂടിയായിരുന്നു സുരേഷ് നമ്പ്യാർ.
കളരിപ്പയറ്റിൽ അടങ്ങിയിരിക്കുന്ന ആത്മീയതയും പതഞ്ജലി യോഗ സൂക്തവും തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്ന പുസ്തകം പൂർത്തീകരണം എന്ന ആഗ്രഹം പാതിവഴിയിൽ ബാക്കിയാക്കി കളരിപയറ്റിൻ്റെ അതികായൻ എം.ഇ.സുരേഷ് നമ്പ്യാർ ഗുരുക്കൾ വിടവാങ്ങിയത്.