‘ജോലിക്കായി വിസിറ്റിം​ഗ് വിസയിൽ ദുബെെയിലെത്തി, കെമിക്കൽ രൂപത്തിലാക്കി സ്വർണ്ണം കടത്തി’; പന്തിരക്കരയിലെ ഇർഷാദ് കൊണ്ടുവന്ന 60 ലക്ഷത്തിന്റെ സ്വർണം എവിടെ? ദുരൂഹത തുടരുന്നു


പേരാമ്പ്ര: സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കരയിലെ ഇർഷാദ് ദുബൈയിൽനിന്ന് കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വർണം എവിടെയന്ന് ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. ഇർഷാദിന്റെ മൂന്ന് സുഹൃത്തുക്കളുടെ കെെവശമാണ് സ്വർണ്ണമുള്ളതെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വർണം ഇർഷാദിൽനിന്ന് സുഹൃത്തുക്കളായ നിജാസും ഷമീറും കബീറും തന്ത്രപൂർവം കൈക്കലാക്കുകയായിരുന്നെന്നാണ് പറയുന്നത്.

മൂന്നു വർഷത്തോളം കുവൈത്തിലാണ് ഇർഷാദ് ജോലി ചെയ്തിരുന്നത്. കുവൈത്തിലുള്ളതിനെക്കാളും ശമ്പളം കിട്ടുന്ന ജോലി ലഭിക്കുമെന്നു കരുതിയാണ് ഇർഷാദ് സഹോദരൻ ഫർസാദും അമ്മാവൻ നൗഷാദും ജോലി ചെയ്യുന്ന ദുബൈയിലേക്ക് 2022 ഫെബ്രുവരി 14ന് സന്ദർശക വിസയിൽ പോകുന്നത്. അവിടെ ഒരു മാസം നൗഷാദിന്റെ കടയിൽ ജോലിചെയ്തു. ഡ്രൈവിങ് അറിയുന്ന ഇർഷാദ് ജോബ് വിസക്കും അപേക്ഷ നൽകിയിരുന്നു.

ഇതിനിടക്കാണ് ഇർഷാദ് സ്വർണക്കടത്ത് സംഘത്തിന്റെ വലയിലാവുന്നത്. ഇർഷാദിന്റെ സുഹൃത്തായ നിജാസ് പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശി ജസീൽ ജലീൽ ആണ് ഇർഷാദിനെ സ്വർണക്കടത്തു സംഘത്തിന്റെ അരികിൽ എത്തിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ജസീൽ കൊടുത്ത ഉറപ്പിലാണ് സ്വാലിഹ് സ്വർണം കൊടുത്തയക്കുന്നത്. ജസീൽ ഇർഷാദിന്റെ സഹോദരനാണെന്നും പറഞ്ഞ് ഇർഷാദിന്റെ സുഹൃത്തായ കബീറിന്റെ നമ്പറാണ് കൊടുത്തത്. സ്വാലിഹ് കബീറിനെ വിളിച്ചാണ് അനുജന്റെ കൈവശം സ്വർണം നൽകിയിട്ടുണ്ടെന്ന് അറിയിച്ചത്.

മേയ് 13ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇർഷാദിനെ വിളിക്കാൻ നിജാസാണ് പോയത്. കെമിക്കൽ രൂപത്തിലാക്കി കൊണ്ടുവന്ന ഈ സ്വർണം വേർതിരിച്ചെടുത്തത് നാദാപുരം പാറക്കടവിലുള്ള സ്വർണപ്പണിക്കാരനാണെന്ന് സംസാരമുണ്ട്. ഇത് ഇവർ പാനൂരിലെ സ്വർണക്കടയിൽ നൽകി പണം വാങ്ങിയെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. സ്വാലിഹിന്റെ സംഘം തിരഞ്ഞുവരാതിരിക്കാൻ ഷമീർ വൈത്തിരിയുള്ള ലോഡ്ജിൽ ഇർഷാദിനെ താമസിപ്പിക്കുകയും ചെയ്തു.

ഇർഷാദിന്റെ ചെലവിന് ഷമീറും നിജാസും ഗൂഗ്ൾ പേ മുഖേന പണം 5000, 2000 വെച്ച് അയച്ചുകൊടുത്തതിന്റെ തെളിവുണ്ടെന്നും സഹോദരൻ പറഞ്ഞു. സ്വർണം വിറ്റ തുകയിൽനിന്ന് ഒരു പൈസയും ഇർഷാദിന് ലഭിച്ചിട്ടില്ല. ചെലവിന്റെ തുക അയച്ചുകൊടുത്തത് ഇതാണ് വ്യക്തമാക്കുന്നത്. ഒളിവിൽ താമസിപ്പിച്ചവർ തന്നെ ഇർഷാദിനെ സ്വാലിഹിന്റെ ക്വട്ടേഷൻ സംഘത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഇർഷാദ് ഇല്ലാതായാൽ സ്വർണം കൈക്കലാക്കിയവർ സുരക്ഷിതരാവുകയും ഇർഷാദിന് പങ്ക് കൊടുക്കുകയും വേണ്ടെന്ന ധാരണയിലാണ് കൊടുംചതി ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. മകനെ ചതിച്ചവർ അവന്റെ ഉറ്റ ചങ്ങാതിമാരാണെന്നത് ഏറെ വേദനിപ്പിക്കുന്നതായി വാപ്പ നാസർ പറഞ്ഞു.

ഇർഷാദ് നാട്ടിലെത്തിയിട്ടും സ്വർണം ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതോടെ സഹോദരൻ ഫർസാദിനെ തേടി സ്വാലിഹ് എത്തിയപ്പോഴാണ് ഇർഷാദ് സ്വർണവുമായി പോയ വിവരം സഹോദരൻ അറിയുന്നത്. വീട്ടിലും ഇർഷാദ് എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഇർഷാദിന്റെ കെെവശമുള്ള സ്വർണ്ണ ആവശ്യപ്പെട്ട് നിരവധി തവണ വീട്ടിലേക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. എന്നാൽ മകന്റെ ജീവൻ ഭയന്ന് ഇവർ പരാതി നൽകാൻ തയ്യാറായില്ല. കെെകൾ കെട്ടിയിട്ട നിലയിൽ അവശനായുള്ള ഫോട്ടോ ലഭിച്ചതോടെയാണ് ബന്ധുക്കൾ പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിക്കോടി കോടിക്കൽ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഇർഷാദിന്റെ കൊലപാതകത്തിൽ നിലവിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയി തടവിൽപാർച്ചവരും ഇതിൽ ഉൾപ്പെടുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ ഇവരിലേക്ക് എത്തുമെന്നാണ് പൊലീസ് കരുതുന്നത്.

Summary: Where is the gold worth 60 lakhs brought by Irshad of Panthirakkara? The mystery continues