ഇനി സ്റ്റാറ്റസെല്ലാം വേറെ ലെവൽ! ചിത്രങ്ങൾക്കും വീഡിയോയ്ക്കും പുറമേ ‘വോയിസ് നോട്ടുകളും സ്റ്റാറ്റസാക്കാം; വാട്സാപ്പിലെ പുത്തൻ ഫീച്ചർ ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ


ചിത്രങ്ങൾ, വീഡിയോകൾ, എന്നിവയ്ക്ക് പുറമേ ഇനി ‘വോയിസ് നോട്ടുകളും സ്റ്റാറ്റസാക്കാം. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻഡ്രോയ്ഡ് യൂസർമാരിൽ വാട്‌സ്ആപ്പ് ബീറ്റയുടെ 2.23.2.8 എന്ന പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തവർക്ക് പുതിയ ഫീച്ചർ ഉപയോഗിച്ചുതുടങ്ങാം. ബീറ്റാ വേർഷനുള്ളവർ എത്രയും പെട്ടന്ന് വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത് ഫീച്ചർ പരീക്ഷിച്ചുനോക്കുക.

നിലവിൽ ടെക്സ്റ്റുകളും വിഡിയോകളും ചിത്രങ്ങളുമാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസായി വെക്കാനുള്ള സൗകര്യമുള്ളത്. എന്നാൽ, ഇനി മുതൽ നിങ്ങൾക്ക് പറയാനുള്ള കാര്യം ശബ്ദ സന്ദേശങ്ങളായും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. 30 സെക്കൻഡാണ് റെക്കോഡിങ് സമയം.

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായാണ് വോയിസ് നോട്ടുകൾ സ്റ്ററ്റാസായി പങ്കുവെക്കപ്പെടുക. റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശങ്ങൾ ക്യാൻസൽ ചെയ്യാനും പിന്നീട് നീക്കം ചെയ്യാനുമൊക്കെ യൂസർമാർക്ക് കഴിയും. 24 മണിക്കൂറുകൾ കഴിഞ്ഞാൽ മറ്റ് സ്റ്റാറ്റസുകൾ പോലെ വോയിസ് നോട്ടുകൾ മാഞ്ഞുപോവുകയും ചെയ്യും. വൈകാതെ തന്നെ ഫീച്ചർ മറ്റ് യൂസർമാരിലേക്ക് എത്തും.

എങ്ങനെ വോയിസ് സ്റ്റാറ്റസ് വെക്കാം…

സംഭവം വളരെ സിംപിളാണ്. വാട്സ്ആപ്പ് തുറന്നാൽ കാണുന്ന സ്റ്റാറ്റസുകൾക്കായുള്ള സെക്ഷനിലേക്ക് പോവുക. ടെക്സ്റ്റുകളും ലിങ്കുകളും സ്റ്റാറ്റസായി വെക്കാൻ ഏറ്റവും താഴെയായി പെൻസിലിന്റെ ചിഹ്നമുള്ള ഒരു ബട്ടൺ നൽകിയതായി കാണാം. അതിൽ ക്ലിക്ക് ചെയ്താൽ വലത്തേ അറ്റത്തായി വോയിസ് നോട്ടുകൾ റെക്കോർഡ് ചെയ്യാൻ പുതിയൊരു ബട്ടൺ വന്നതായി കാണാം.