‘ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ല, മനസ്സുണ്ടായാൽ മതി’; പയ്യോളി സ്വദേശിനിക്ക് വൃക്ക പകുത്തു നൽകി വയനാട്ടുകാരനായ ഡി.വെെ.എഫ്.ഐ പ്രവർത്തകൻ മണികണ്ഠൻ


പയ്യോളി: ശരീരത്തിൽ ചെറിയൊരു പോറൽ പറ്റിയാൽ പോലും ആധിയാണ് എല്ലാവർക്കും, അപ്പോൾ അപരിചിതരായവർക്ക് അവയവധാനം ചെയ്യുന്നത് ചിന്തിക്കണോ. എന്നാൽ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃത തീർക്കുകയാണ് വയനാട്ടുകാരനായ മണികണ്ഠൻ. പയ്യോളി സ്വദേശിനിയായ യുവതിക്ക് സ്വന്തം വൃക്ക പകുത്തു നൽകിയാണ് അദ്ദേഹം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ മാനങ്ങൾ തീർത്തത്.

ഇരുവൃക്കകളും തകരാറിലായതോടെ യുവതിയുടെ ഭർത്താവ് ഉപേക്ഷിച്ചുപോയി. ജീവിതത്തിലേക്ക് തിരിച്ച് വരാൻ വൃക്ക മാറ്റിവെക്കണം. ഈ സാഹചര്യത്തിലാണ് രണ്ട് കുട്ടികളുടെ ഉമ്മയായ 37-വയസുകാരിക്ക് മണികണ്ഠൻ വൃക്ക നൽകിയത്.

മണികണ്ഠൻ ആരെന്ന് ചോദിച്ചാൽ യുവതിക്കും കുടുംബത്തിനും ഒറ്റവാക്കിൽ ഉത്തരം പറയുക പ്രയാസമാകും. രക്തബന്ധമില്ല, സുഹൃത്തുക്കളല്ല, മുൻപരിചയവുമില്ല. എന്നാൽ അദ്ദേഹത്തിന്റ കാരുണ്യമാണ് പിഞ്ചോമനകൾക്ക് താങ്ങേകാൻ യുവതിക്ക് കരുത്തേകിയത്.

‘ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ…മനസ്സുണ്ടെങ്കിൽ എന്തും ചെയ്യാൻ കഴിയും…’ ഇതായിരുന്നു വൃക്ക നൽകിയതിനോടുള്ള മണികണ്ഠന്റെ മറുപടി.

ഡി.വൈ.എഫ്.ഐ ഇരുളം മേഖലാ സെക്രട്ടറിയായ മണികണ്ഠൻ 2014ൽ ഡി.വൈ.എഫ്.ഐ യുടെ ക്യാമ്പയിനിടയിലാണ് അവയവദാന സമ്മതപത്രം നൽകുന്നത്. എട്ട് മാസം മുമ്പ് വൃക്ക ദാനം ചെയ്യാൻ കഴിയുമോ എന്നന്വേഷിച്ച് മണികണ്ഠനെ തേടി വിളിവന്നു. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം വൃക്ക നൽകാൻ തയ്യാറാവുകയായിരുന്നു.

ഇരുവർക്കും സമ്മതമായതോടെ വൃക്കനൽകാനുള്ള നിയമ നടപടികൾ പൂർത്തിയാക്കി. ആശുപത്രി അധികൃതരുടെ നിർദ്ദേശാനുസരണം മൂന്ന് മാസമായി ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു. രോഗം വരാതെ ശ്രദ്ധിച്ചും ആരോഗ്യനില മികച്ച രീതിയിൽ സൂക്ഷിച്ചും ജീവിതശീലങ്ങളും ഭക്ഷണരീതിയും ക്രമീകരിച്ചുമായിരുന്നു മണികണ്ഠന്റെ തയ്യാറെടുപ്പ്. എന്നാൽ മാർച്ച് 30ന് തീരുമാനിച്ച ശസ്ത്രക്രിയ യുവതിയുടെ ആരോഗ്യനില മോശമായതോടെ നേരത്തെയാക്കുകയായിരുന്നു. ഫെബ്രുവരി നാലിനായിരുന്നു ശസ്ത്രക്രിയ.

ശസ്ത്രക്രിയക്ക് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. മണികണ്ഠൻ വീട്ടിൽ വിശ്രമത്തിലും. വൃക്കമാറ്റിവയ്ക്കൽ പൂർണ്ണവിജയമായി എന്ന സന്തോഷവാർത്തക്കായി കാത്തിരിക്കുകയാണ് അദ്ദേഹം.

പുൽപ്പള്ളി ചീയമ്പം മാധവമംഗത്ത് രാജേന്ദ്രൻ – മഹേശ്വരി ദമ്പതികളുടെ മകനാണ്. റെഡിമെയ്ഡ് വസ്ത്രങ്ങൾ കടകളിൽ വിൽപ്പന നടത്തുന്ന തൊഴിലാളിയാണ്.

Summary: Wayanad-based Dyfi worker Manikandan donated a kidney to a woman from Payyoli