പൂഴിത്തോട്- പടിഞ്ഞാറത്തറ വയനാട് ബദല്‍റോഡ്: ചെമ്പനോടയില്‍ ഇന്ന് പ്രതിഷേധജ്വാല


പേരാമ്പ്ര: പാതിവഴിയിലായ പൂഴിത്തോട്- പടിഞ്ഞാറത്തറ ബദല്‍റോഡ് പണി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്പനോടയില്‍ ഇന്ന് പ്രതിഷേധ ജ്വാല തെളിയിക്കും. വൈകുന്നേരം 6.30നാണ് പ്രതിഷേധ ജ്വാല തെളിയിക്കുക.

സമര സമിതി രക്ഷാധികാരി ഫാ. ഡോ. ജോണ്‍സണ്‍ പാഴുകുന്നേല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമരത്തിന് പിന്തുണയുമായാണ് ചെമ്പനോട മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധജ്ജ്വാല തെളിയിക്കുന്നത്. രണ്ട് മാസത്തിലേറെയായി പടിഞ്ഞാറത്തറയിലും പൂഴിത്തോടിലും സമരസമിതിയുടെ നേതൃത്വത്തില്‍ പന്തല്‍കെട്ടി സമരം നടന്നുകൊണ്ടിരിക്കുകയാണ്.

ദേശീയപാതയുടെ വികസനത്തില്‍ കേന്ദ്ര വന നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഈ റോഡിന്റെ കാര്യത്തിലും പരിഗണിച്ച് എത്രയുംവേഗം പ്രവൃത്തി പുനരാരംഭിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സമരസമിതി ഭാരവാഹികളായ കെ.എ. ജോസുകുട്ടിയും ലൈസ ജോര്‍ജ്ജും ആവശ്യപ്പെട്ടു.