പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട്; കടകൾ വെള്ളത്തിൽ, കോഴിക്കോട് ഭാ​ഗത്തേക്കുള്ള റോഡ് അടച്ചു


പേരാമ്പ്ര: പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട് രൂക്ഷം. ഇന്ന് രാവിലെ മുതലാണ് ടൗണിൽ വെള്ളം കയറിതുടങ്ങിയത്. ഇതോടെ വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിലായി. പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപത്തെ കോഴിക്കോട് ഭാ​ഗത്തേക്കുള്ള റോഡ് അടച്ചു. വാഹനങ്ങൾ ഇതുവഴി കടന്ന് പോകുമ്പോൾ റോഡിന് ഇരുവശവുമുള്ള കടകളിലേക്ക് വെള്ളം ശക്തിയായി ഇരച്ചെത്തുന്നതിനെ തുടർന്നാണ് റോഡ് അടച്ചത്. വാഹനങ്ങൾ ബൈപ്പാസ് വഴിയാണ് ഇപ്പോൾ കടന്നു പോകുന്നത്.

പേരാമ്പ്ര ചെമ്പ്ര റോഡിൽ പ്രവർത്തിക്കുന്ന റൈസ് മില്ലിനുള്ളിലേക്ക് വെള്ളം കയറി. മെഷീനുകൾ ഉൾപ്പടെ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടർന്ന് ടൗണിലുള്ള വ്യാപാരികൾ ഏറെ ദുരിതത്തിലാണ്. കടകളിൽ വില്പനയ്ക്ക് വച്ചിരുന്ന സാധനങ്ങളെല്ലാം വെള്ളത്തിലായി. കടകളിൽ നിന്ന് വെള്ളം മോട്ടർ ഉപയോ​ഗിച്ച് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്.