മാലിന്യക്കൂമ്പാരത്തിന് നടുവില്‍ പാലേരി വടക്കുമ്പാട്ടുകാര്‍; റോഡരികും കനാലും എല്ലാം മാലിന്യമയം


പേരാമ്പ്ര: മാലിന്യപ്രശ്നം കാരണം വലയുകയാണ് പാലേരി വടക്കുമ്പാട് പ്രദേശവാസികള്‍. റോഡെന്നോ കനാലെന്നോ വ്യത്യാസമില്ലാതെയാണ് ആളുകള്‍ തങ്ങളുടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ദിവസേന വിദ്യാര്‍ഥികള്‍ നടന്ന് പോകുന്ന പാലേരി വടക്കുമ്പാട് സ്കൂളിന് സമീപത്തെ വഴിയരികില്‍ രണ്ട് ഭാഗത്തായാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. നായകളും മറ്റ് ജാവികളും വന്ന് ചിലപ്പോഴൊക്കെ ഈ മാലിന്യങ്ങള്‍ ചിതറിച്ചിട്ട് പോവാറുമുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതിയിയുടെ ഭാഗമായ കനാലിന് സമീപത്തും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്. അതില്‍ നിന്ന് കുറേ മാലിന്യങ്ങള്‍ കനാലിലേക്കും വീണ്കിടക്കുന്നതായി കാണാം.

വടക്കുമ്പാട് മൃഗാശുപത്രി റോഡിന് സമീപമായിരുന്നു മുന്‍പ് മാലിന്യം വലിച്ചെറിഞ്ഞിരുന്നത്. പരാതികൾക്കും മുറവിളികള്‍ക്കും ശേഷമാണ് ഇത് നീക്കം ചെയ്തത്. പേരാമ്പ കല്ലോട് മേഖലയിലെ സംസ്ഥാന പാതയോരത്തും മുമ്പ് മാലിന്യം ചാക്കുകളിൽ നിറച്ച് വലിച്ചെറിഞ്ഞിരുന്നു. ഈ മാലിന്യം നീക്കം ചെയ്ത് പഞ്ചായത്ത് നടപടി കർശനമാക്കിയതോടെ മറ്റിടങ്ങൾ കണ്ടെത്തിയാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടാനായി പഞ്ചായത്ത് വിവിധ വാർഡുകളിൽ ഇരുമ്പ് കൂടുകൾ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും അതിന്റെ ചുറ്റുമായാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്.

രാത്രികാലങ്ങളിൽ ചാക്കുകളിലാക്കി വാഹനത്തിൽ കൊണ്ട് വന്ന് തള്ളുന്നതാണ് സാമൂഹ്യവിരുദ്ധരുടെ രീതി. യഥാസമയം നടപടിയൊന്നുമുണ്ടാകാത്തതിനാൽ മാലിന്യങ്ങളും കൂടി വരികയാണ്. പകര്‍ച്ചവ്യാധി ഭീഷണിയും തെരുവുനായ ആക്രമണവുമൊക്കെ മുന്നില്‍ കണ്ടാണ് പ്രദേശവാസികള്‍ ഇപ്പോള്‍ ഇവിടെ ജീവിക്കുന്നത്.