വയനാട് തോല്‍ക്കുന്ന കോട, മേഘങ്ങളെ തൊട്ടുരുമ്മി ഇരിക്കാം, മുളംകാടുകളും പാറക്കെട്ടും താണ്ടി ട്രക്കിങ്ങും; മുക്കത്തെ വൈദ്യര്‍മലയിലേക്കുള്ള യാത്ര ഒരനുഭവം തന്നെയായിരിക്കും
കാടും കോടയും കാഴ്ചകളും. അതാണ് മുക്കത്തെ വൈദ്യര്‍മല സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്നത്. അരീക്കോട്- മുക്കം ഭാഗത്തുള്ള ഗോതമ്പുറോഡിലാണ് വൈദ്യര്‍ മല സ്ഥിതി ചെയ്യുന്നത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ഗോതമ്പു റോഡ്. മുക്കത്ത് നിന്ന് ഏകദേശം ആറു കിലോമീറ്ററും അരീക്കോട് നിന്നും ഏകദേശം ഒന്‍പതു കിലോമീറ്ററും അകലെയായാണ് ഗോതമ്പുറോഡ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.
വൈദ്യര്‍മലയുടെ മുകളിലേക്ക് കയറാനായി പ്രത്യേകം വഴി ഉണ്ടാക്കിയിട്ടില്ല. മരങ്ങളാല്‍ നിബിഡമായ പ്രദേശമാണ് ഇത്. ചുറ്റുമുള്ള തോട്ടങ്ങളിലൂടെയും, മുളം കാടുകളിലൂടെയുമെല്ലാം, പാറകള്‍ നിറഞ്ഞ പ്രദേശങ്ങള്‍ താണ്ടി വേണം മലയുടെ ഏറ്റവും മുകളിലേക്ക് എത്താന്‍. മനോഹരമായ ഒരു ട്രക്കിങ് അനുഭവം നല്‍കും ഈ നടത്തം. ഏകദേശം അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ സമയമെടുക്കും മലയുടെ മുകളില്‍ എത്താന്‍. പോകുംവഴി, കളകളം പാടിയൊഴുകുന്ന കുഞ്ഞരുവികളും അവിടവിടെയായി ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം.
കയറാന്‍ അല്പം പ്രയാസമുണ്ടെങ്കിലും മുകളിലെത്തിയാല്‍ ആ പ്രയാസമൊക്കെ മറക്കുന്ന കാഴ്ചകളാണ് വൈദ്യര്‍മല കരുതിവെച്ചിരിക്കുന്നത്. മലയുടെ മുകളില്‍ നിന്നുള്ള ഉദയവും അസ്തമയവും വളരെ മനോഹരമാണ്. താഴെ ഗോതമ്പുറോഡ് ഗ്രാമത്തിന്റെ സുന്ദരമായ കാഴ്ചയും മേഘങ്ങളും മഞ്ഞുമെല്ലാം ചേര്‍ന്ന് അതുല്യമായ ഒരനുഭവമാണ് അത്. പുലര്‍കാലങ്ങളില്‍ വയനാട് തോല്‍ക്കുന്ന കോടയാണ് ഇവിടെ സഞ്ചാരികളെ വരവേല്‍ക്കുക. മലയുടെ മുകളില്‍ നിന്നും നോക്കുമ്പോള്‍ കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ മേഘങ്ങള്‍ തൊട്ടുരുമ്മിപ്പോകുന്ന അനുഭവം വാക്കുകളില്‍ വിവരിക്കാനാവില്ല.
മഴകാലത്ത് ഇവിടേക്കുള്ള യാത്ര അത്ര സുഖകരമല്ല, മാത്രമല്ല നിറയെ പാറകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ അപകടം പറ്റാനും സാധ്യതയുണ്ട്. ഇതൊരു വിനോദസഞ്ചാരകേന്ദ്രമല്ലാത്തതു കൊണ്ടുതന്നെ പ്രദേശവാസികളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ഇവിടേക്ക് എത്താനാവൂ.