ഉരുൾപൊട്ടലിന്റെ നടുക്കം മാറാതെ വിലങ്ങാട്; 300 ൽ അധികം ആളുകളെ ക്യാമ്പിലേക്ക് മാറ്റി, വൻദുരന്തം ഒഴിവായത് പ്രദേശവാസികൾ ഉരുൾപൊട്ടലിൻ്റെ ആദ്യ സൂചനയിൽ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് മാറിയതിനാൽ


വാണിമേൽ: വിലങ്ങാട് പ്രദേശത്തയും പരിസര പ്രദേശങ്ങളിലേയും ആളുകൾ ഇന്നലെ കടന്ന് പോയത് ഭയാനകമായ സാഹചര്യത്തിലൂടെ. ഉരുൾപൊട്ടലിൻ്റെ ആദ്യ സൂചനയിൽ തന്നെ ആളുകൾ വീട് ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഇതിനാലാണ് ഒരു വൻ ദുരന്തം വിലങ്ങാട് നിന്ന് ഒഴിവായത്.

13 വീടുകൾ ഉൾപ്പെടെ ഒരു പ്രദേശം തന്നെ പൂർണ്ണമായും ഒലിച്ചു പോയി. 300 ൽ അധികം ആളുകളെ ക്യാമ്പിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനിറങ്ങുന്നതിനിടെ മലവെള്ളപാച്ചലിൽ കാണാതായ റിട്ട. അധ്യാപകൻ കുളത്തിങ്കൽ മാത്യൂവിനെ കണ്ടെത്താനായില്ല. ഇന്നലെ മോശം കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ നിർത്തി വച്ചിരുന്നു. മാത്യൂവിന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് തുടരുന്നുണ്ട്.

മാത്യുവിന്റെ വീട്, ദുരിതാശ്വാസ ക്യാമ്പ് എന്നിവിടങ്ങളിൽ ഇന്നലെ രാത്രിയോടെ ഷാഫി പറമ്പിൽ എം പി സന്ദർശിച്ചിരുന്നു. ക്യാമ്പിലെ ഭൗതിക സാഹചര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്. ഇന്ന് രാവിലെ മഞ്ഞക്കുന്ന് പാരീഷ് ഹാളിലെ ക്യാമ്പും സന്ദർശിക്കുമെന്നും ആവശ്യമായ അടിയന്തര ആവശ്യങ്ങളെല്ലാം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.