വിലങ്ങാട് കട കുത്തിത്തുറന്ന് അടക്ക മോഷ്ടിച്ച കേസ്; വളയം സ്വദേശി അറസ്റ്റിൽ
നാദാപുരം: വിലങ്ങാട് പെട്രോള്‍ പമ്ബിന് സമീപം കട കുത്തി തുറന്ന് അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വളയം സ്വദേശി കക്കുടുക്കില്‍ രാജേഷി (30) നെയാണ് വളയം എസ്‌എച്ച്‌ഒ ഇ.വി.ഫായിസ് അലി ഇന്നലെ അറസ്റ്റ് ചെയ്തത്.
കേസിൽ മറ്റുരണ്ടു പ്രതികൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ആയഞ്ചേരി സ്വദേശി മുത്താച്ചിക്കണ്ടിയില്‍ പി.രജീഷ് (36), വളയംകല്ല് നിര സ്വദേശി താനിക്കുഴിയില്‍ ശ്രീജിത്ത് (34) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികള്‍ക്ക് കട കാണിച്ച് കൊടുക്കുകയും മോഷണത്തിന് സഹായം ചെയ്തതും രാജേഷാണെന്ന് പോലീസ് പറഞ്ഞു.
ഉരുട്ടി സ്വദേശി പുതിയ മറ്റത്തില്‍ ബിബിയുടെ ഉടമസ്ഥതയിലുള്ള എ സ്റ്റാർ അടയ്ക്ക കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. അഞ്ച് ചാക്കിലാക്കി സൂക്ഷിച്ച 125 കിലോ ഉരിച്ച അടയ്ക്കയാണ് നഷ്ടമായത്.