വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷിനാശം സംഭവിച്ച കർഷകരുടെ കൃഷിഭൂമി പരിശോധന അവസാനഘട്ടത്തിൽ, ആകെ ലഭിച്ചത് 220 അപേക്ഷകൾ
വാണിമേൽ: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൃഷിനശിച്ച കർഷകരുടെ കൃഷിഭൂമി പരിശോധിക്കുന്നത് അവസാനഘട്ടത്തിൽ. 220 അപേക്ഷകൾ ഇതിനകം വാണിമേൽ കൃഷിഭവനിൽ ലഭിച്ചു. ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ചവരുടെ എണ്ണം ഏകദേശം 250-ഓളം ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്.
റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് അധികവും നശിച്ചത്. തേക്കിൻതൈകൾ നശിച്ചവരും ഏറെയുണ്ട്. നിലവിലുള്ള നിയമപ്രകാരം തേക്ക് മരം നഷ്ടപ്പെട്ടവർക്ക് സഹായധനം ലഭിക്കുകയില്ല. തേക്ക് മരം നഷ്ടപ്പെട്ടവർക്ക് സഹായധനം ലഭ്യമാക്കണമെന്ന ആവശ്യം നാട്ടുകാർ മന്ത്രിമാർ സ്ഥലം സന്ദർശിച്ച സമയത്ത് ഉന്നയിച്ചിരുന്നു.
ലഭിച്ച അപേക്ഷകളിൽ 80 ശതമാനവും പരിശോധിച്ചതായി കൃഷി ഓഫീസർ അറിയിച്ചു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പല സ്ഥലങ്ങളിലും കർഷകർക്ക് എത്തിപ്പെടാനുള്ള പ്രയാസമുണ്ട്. സ്ഥലം ഉടമകളിൽ പലരും നാട്ടിലില്ലാത്തവരുമാണ്. അതിനാൽ എത്രയാണ് നാശ നഷ്ടമെന്നതിനെക്കുറിച്ച് ഭൂവുടമകൾക്കും കർഷകർക്കും വ്യക്തമായ വിവരം ഇപ്പോഴും ലഭ്യമല്ല.
Description: Vilangad Landslide; In the final phase of land inspection of farmers affected by crop damage, a total of 220 applications were received