അച്ഛനെ അക്ഷയ് അവസാനമായി ഒരുനോക്ക് കണ്ടു, ഹൃദയം പൊട്ടുന്ന ആ കാഴ്ച നാട്ടുകാരിലും പ്രിയപ്പെട്ടവരിലും നോവ് പടര്‍ത്തി; കോട്ടേമ്മല്‍ താഴെ ചന്ദ്രന്റെ പുഞ്ചിതൂവുന്ന മുഖും തട്ടുകടയിലെ രൂചിയൂറും എണ്ണപ്പലഹാരങ്ങളും ഇനി ഓര്‍മ്മ


പള്ളിയത്ത്: അവസാനമായി അച്ഛനെ ഒരുനോക്ക് കാണാനായി അക്ഷയ് വിദേശത്തുനിന്നെത്തി, എന്നാല്‍ പുഞ്ചിതൂവുന്ന മുഖത്തോടെയോ തട്ടുകടയിലെ രൂചിയൂറും എണ്ണപ്പലഹാരങ്ങളുമായുമായോ അല്ല മകനെ ചന്ദ്രന്‍ സ്വീകരിച്ചത്. മകനെ അവസാനമായി ഒന്നു കാണാതെ എന്നന്നോക്കുമായി അദ്ദേഹം യാത്രയായിരുന്നു. അച്ഛനെ അക്ഷയ് അവസാനമായി ഒരിക്കല്‍ കൂടി കണ്ടു, ഹൃദയം പൊട്ടുന്ന ആ കാഴ്ച നാട്ടുകാരിലും പ്രിയപ്പെട്ടവരിലും നോവ് പടര്‍ത്തി.

വേളം പള്ളിയത്ത് തട്ടുകട നടത്തുന്ന കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് മരിച്ചത്. അന്‍പത്തിയൊന്‍പത് വയസായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ വച്ച് നടന്നു. കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ചന്ദ്രന്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുശലാന്വേഷണത്തിനും ചൂടു പലഹാരങ്ങള്‍ നല്‍കാനും ഇനി പള്ളിയത്തുകാര്‍ക്കരികിലേക്ക് ചന്ദ്രനില്ല. ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവം തയ്യാറാക്കുന്നതിനിടയില്‍ മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പള്ളിയത്ത് അദ്ദേഹം തട്ടുകട നടത്തുന്നു. ഭാര്യ സുജാതയാണ് കടയില്‍ കൂട്ടായി ഒപ്പമുണ്ടായിരുന്നത്. മക്കള്‍: ഐശ്വര്യ, അക്ഷയ്.