കുറ്റ്യാടി ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു; കുരുക്കിന് കാരണം റോഡിന്റെ വീതികുറവെന്ന് ആരോപണം
കുറ്റ്യാടി : കുറ്റ്യാടി ടൗൺ കടന്നു കിട്ടാൻ വാഹനങ്ങൾ പെടാപാട് പെടുന്നു. ടൗണിലെ 5 ജംക്‌ഷനുകൾ ചേരുന്ന സ്ഥലത്ത് ഒരേ സമയം വാഹനങ്ങൾ എത്തുമ്പോൾ തിരിഞ്ഞു പോകാൻ വീതിയില്ലാത്തതാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. ദിവസവും ടൗണിലെ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്. ദീർഘദൂര യാത്രക്കാർക്ക് ടൗൺ ജംക്‌ഷനിലെ കുരുക്കിൽ പെടാതെ പോകാനാവാത്ത അവസ്ഥയാണ്.
റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ടൗൺ നവീകരണത്തിന്റെ ഭാഗമായി തൊട്ടിൽപാലം റോഡിൽ പുതിയ അഴുക്കുചാൽ നിർമാണം പൂർത്തിയായപ്പോൾ റോഡിന് വീതി കുറയുകയാണ് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. റോഡിലെ വീതിക്കുറവ് കാരണം തൊട്ടിൽപാലം ഭാഗത്തേക്ക് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് തിരിഞ്ഞു പോകാൻ പ്രയാസമാണ്. അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.
രാവിലെയും വൈകിട്ടും ഹോംഗാർഡും പൊലീസും ഉണ്ടെങ്കിലും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാകുന്നില്ല. കടേക്കച്ചാൽ വഴിയും ഓത്തിയോട്ട് വഴിയുമുള്ള 2 ബൈപാസ് റോഡുകൾ യാഥാർഥ്യമായാൽ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനാകും. ഈ ബൈപാസ് റോഡ് പണി പൂർത്തിയാകുന്നതോടെ പേരാമ്പ്ര, വടകര, തലശ്ശേരി ഭാഗങ്ങളിൽ നിന്നു വരുന്ന യാത്രക്കാർക്ക് കുറ്റ്യാടി ടൗണിൽ എത്താതെ തന്നെ ഇരു ഭാഗത്തേക്കും പോകാം. 2 ബൈപാസ് റോഡുകളും ഉടൻ യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.