കോഴിക്കോട് തിയേറ്റര്‍ പാര്‍ക്കിങ്ങില്‍ നിന്ന് വാഹനം മോഷ്ടിച്ചു, തിരിച്ചറിയാതിരിക്കാന്‍ നമ്പര്‍ മാറ്റി കറങ്ങുന്നതിനിടെ വാഹന പരിശോധന; തലശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സംഗം തിയേറ്ററിന് സമീപം പാര്‍ക്കിങ്ങില്‍ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാവ് പിടിയിലായി. തലശ്ശേരി സ്വദേശി ഇസ്മയില്‍ (35) ആണ് ടൗണ്‍ പൊലീസ് ബീച്ചില്‍ നടത്തിയ വാഹന പരിശോധനയില്‍ പിടിയിലായത്.
ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടി. മോഷ്ടിച്ച ഇരുചക്രവാഹനം പ്രതിയില്‍ നിന്നും കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം മോഷണം തടയുന്നതിനായി പ്രത്യേക വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത്.
മോഷ്ടിച്ച വാഹനം പൊലീസ് തിരിച്ചറിയാതിരിക്കാന്‍ വാഹനത്തിന്റെ നമ്പര്‍ മാറ്റിയാണ് പ്രതി നഗരത്തിലൂടെ സഞ്ചരിച്ചിരുന്നത്. വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ മുമ്പ് മൊബൈല്‍ ഫോണ്‍ മോഷണ കേസില്‍ പ്രതിയാണ് ഇയാള്‍. സബ്ബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ അറസ്റ്റിന് നേതൃത്വം നല്‍കി. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത്, ഷാഫി പി ടൗണ്‍ പൊലീസ് സ്റ്റേഷനിലെ വിജീഷ് , പ്രവീണ്‍ കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.