കരിപ്പൂര്‍ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു; വടകര സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വര്‍ണ്ണവേട്ട. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച 1157 ഗ്രാം സ്വര്‍ണ്ണവുമായാണ് യുവാവിനെ പൊലീസ് പിടികൂടിയത്. വടകര സ്വദേശിയായ ഷംസീറിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ നാല് ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ 07:55 നാണ് ഷംസീര്‍ ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയത്. തുടര്‍ന്ന് കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി ഒമ്പത് മണിയോടെ ഷംസീര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങി.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസ് പരിശോധന നടത്തിയത്. ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സ്വര്‍ണ്ണം ഉണ്ടെന്ന് ഇയാള്‍ സമ്മതിച്ചില്ല. ലഗേജ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല.
തുടര്‍ന്നാണ് ഷംസീറിനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. എക്സ്-റേ പരിശോധനയില്‍ വയറിനകത്ത് ക്യാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും സ്വര്‍ണ്ണം കൊണ്ടുവന്ന കാര്യം ഷംസീര്‍ നിഷേധിച്ചു.
പിടിച്ചെടുത്ത സ്വര്‍ണ്ണം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഷംസീറിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ 65 ലക്ഷം രൂപയോളം വിലമതിപ്പുണ്ടെന്ന് പോലീസ് അറിയിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുവച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന അഞ്ചാമത്തെ കേസാണിത്. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ കടത്തിയ കോടികളുടെ സ്വര്‍ണമാണ് പോലീസ് പിടികൂടിയിരുന്നത്.