വടകരയിലെത്തിയ ഗാന്ധിജി എഴുതി “കൗമുദി കീ ത്യാഗ്”; ആ മഹത് ചരിതം ഇങ്ങനെ..


അനൂപ് അനന്തൻ

രാജ്യമിന്ന് 78ാം സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാന ചരിത്രത്തിൽ കടത്തനാടിനും (വടകര) പറയാനേറെയുണ്ട്. നിരവധി മനുഷ്യർ സമരത്തിന്റെ ഭാഗമായി. ഗാന്ധിജിയുടെ വഴിയെ സഞ്ചരിച്ചവർ ഏറെ. ഈ മഹത് ചരിതങ്ങൾക്കിടയിൽ രാജ്യം വാഴ്ത്തിയ ത്യാഗമാണ് കൗമുദി ടീച്ചറുടേത്.

കൗമുദി ടീച്ചർ

1934 ജനുവരി 14-നാണ് ആ സംഭവം. ഹരിജനോദ്ധാരണത്തിന് ഫണ്ട് കണ്ടത്തെുന്നതിനായാണ് ഗാന്ധിജി 1934 ജനുവരി 10-ന് കേരളത്തിലത്തെിയത്. അദ്ദഹത്തേിന്റെ നാലാമത്തെ കേരള സന്ദര്‍ശനം. 14-ന് വടകര കോട്ടപറമ്പില്‍ നടന്ന ചടങ്ങ്. ജനം തിങ്ങിനിറഞ്ഞു. സ്വര്‍ണാഭരണ വിഭൂഷിതരായ സ്ത്രീകളെ നോക്കി ഗാന്ധിജി പറഞ്ഞു, ‘‘നമ്മുടെ നാട് ദരിദ്രരാജ്യങ്ങളിലൊന്നാണ്. വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വളരെക്കുറവ്. പിന്നെ വസ്ത്രത്തിന്റെയും ആഭരണത്തിന്റെയും കഥ പറയാനുണ്ടോ? നിങ്ങളിവിടെ ആവശ്യത്തിലേറെ ആഭരണങ്ങളണിഞ്ഞാണ് വന്നിരിക്കുന്നത്. നാടിന്റെ അവസ്ഥയനുസരിച്ച് നിങ്ങള്‍ കാണിക്കുന്നത് നീതിയാണോ?. അധികമെന്ന് നിങ്ങള്‍ക്ക് ബോധ്യമുള്ള ആഭരണങ്ങളിലൊരു പങ്ക് എന്നെ ഏല്‍പ്പിക്കുക. നിങ്ങളുടെ ദയാവായ്പുകൊണ്ട് ഒരു വയറെങ്കിലും നിറഞ്ഞെങ്കില്‍, അതിലും വലിയൊരു പുണ്യം ലഭിക്കാനുണ്ടോ…

ആയിരങ്ങള്‍ പ്രസംഗം കേട്ടുകൊണ്ടിരിക്കെ 16-കാരിയായ കൗമുദിയെന്ന പെണ്‍കുട്ടി വേദിയിലേക്ക് കയറിവന്നു. തന്റെ സ്വര്‍ണവള ഊരി ഗാന്ധിജിയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഗാന്ധിജിയോട് കൈയൊപ്പ് ആവശ്യപ്പെട്ടു. ഗാന്ധിജി കൈയൊപ്പ് ചാര്‍ത്താന്‍ ഒരുങ്ങവേ അവള്‍ അടുത്ത വളയും ഊരി. ഗാന്ധിജി പറഞ്ഞു. ‘‘രണ്ട് വള വേണ്ട, ഒന്നുമതി…’’. അവള്‍ അടുത്തതായി കഴുത്തിലെ സ്വര്‍ണമാല ഊരിനല്‍കി. ഗാന്ധിജി ചോദിച്ചു, ‘‘മാതാപിതാക്കള്‍ സമ്മതിച്ചിട്ടുണ്ടോ..?’’- ഉത്തരം നല്‍കാതെ അവള്‍ കമ്മലും അഴിച്ചു. ‘‘ആഭരണങ്ങള്‍ക്കായി അച്ഛനോട് വാശി പിടിക്കുമോ?’’ ഗാന്ധിജിയുടെ ചോദ്യത്തിന് കൗമുദി ഉറച്ച സ്വരത്തില്‍ മറുപടി നല്‍കി.‘‘ഇല്ല’’.

വടകര നഗരഹൃദയത്തിലെ ഗാന്ധി സ്തൂപം

‘‘ആഭരണമില്ലാത്ത പെണ്‍കുട്ടിയെ വേണ്ടെന്ന് ഭര്‍ത്താവായി വരുന്നയാള്‍ നിര്‍ബന്ധം പിടിച്ചാലോ…’’ .‘‘അങ്ങനെ ഒരാളെ വേണ്ടെന്ന് പറയും…’’ ഗാന്ധിജി കൗമുദിയുടെ ഓട്ടോഗ്രാഫില്‍ എഴുതി- ‘‘നീ കൈവിട്ടുകളഞ്ഞ ആഭരണത്തെക്കാള്‍ എത്രയോ മികച്ച ആഭരണമാണ് ഈ ത്യാഗം… ’’ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ ത്യാഗത്തെക്കുറിച്ച് ഗാന്ധിജി പിന്നീട് പല വേദികളിലും പ്രസംഗിച്ചു. ‘‘കൗമുദി കീ ത്യാഗ്’’എന്ന പേരില്‍ ലേഖനം എഴുതി. കസ്തൂര്‍ബാ ഗാന്ധിജിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടത്തിയ മിശ്രഭോജനമടക്കമുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളിലും സര്‍വോദയ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. 92-ാം വയസില്‍ 2009 ആഗസ്റ്റ് നാലിനായിരുന്നു അന്ത്യം.

വടകരയെ അറിഞ്ഞ് `ഗാന്ധിജി’
നഗരത്തിൻ്റെ ഹൃദയഭാഗത്താണ് ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്നത്. താലൂക്ക് മിനിസിവില്‍ സ്റ്റേഷനിലേക്കുള്ള കോടതിയിലേക്കുമുള്ള പ്രവേശന കവാടത്തിലാണ് ഗാന്ധിപ്രതിമ. അഞ്ച് വിളക്ക് ജംങ് ഷന്‍ എന്നുവിളിക്കപ്പെടുന്ന സ്ഥലം നഗരത്തിലെ ഒട്ടുമിക്ക പ്രതിഷേധങ്ങളുടെയും ആരംഭകേന്ദ്രം കൂടിയാണ്. സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി പോലുള്ള ദേശീയ ദിനാചരണവേളയില്‍ വടകരയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. പ്രതിഞ്ജ പുതുക്കും.