വടകരയുടെ സാംസ്കാരികോത്സവം ‘വ’ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം; ഇനി വായനയുടെയും വാക്കിൻ്റെയും വരയുടെയും ആറു ദിനരാത്രങ്ങൾ
വടകര: വടകരയുടെ വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം. ദേശീയ അവാർഡ് നേടിയ ആട്ടം സനിമയുടെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമുള്ള വടകരയുടെ സ്നേഹാദരത്തോടെയാണ് വ ഫെസ്റ്റിനു തുടക്കം കുറിച്ചത്. മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഫെസ്റ്റ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു.
സഫ്‌ദർ ഹാഷ്‌മി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവും വിവിധ കലാ സാംസ്കാരിക പരിപാടികളും അടങ്ങിയതാണ് ആറു ദിവസത്തെ വ ഫെസ്റ്റ്.
ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ആദരവ് ഏറ്റുവാങ്ങാൻ എത്തിയിരുന്നു. കെ.കെ.രമ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, ആട്ടം സംവിധായകൻ ആനന്ദ് എകർഷി, ആട്ടം എഡിറ്റർ മഹേഷ് ഭുവനാനന്ദ്, വിനയ് ഫോർട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് ആട്ടം സിനിമയുടെ പ്രദർശനം നടന്നു.
വടകര മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഫെസ്റ്റിൽ കേരളത്തിലെ പ്രധാന പ്രസാധകർക്കൊപ്പം രാജ്യാന്തര പ്രസാധകസംഘങ്ങളുടെ പുസ്തകങ്ങളുമുണ്ടാകും. വൈവിധ്യമാർന്ന കലാ-സാഹിത്യ-സാംസ്കാരിക പരിപാടികളുമുണ്ട്. 22-നാണ് സമാപനം.
Summary: Vadakara’s cultural festival ‘Va’ Fest gets off to a flying start; Now six days and nights of reading, words and drawing