വടകരയിലെ വ്യാപാരിയുടെ കൊലപാതകം: അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കെന്ന് റിപ്പോര്‍ട്ട്, സി.സി.ടി.വി ദൃശ്യങ്ങളില്‍ കൂടുതല്‍ തെളിവുകള്‍


വടകര: വ്യാപാരി രാജന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളെന്ന് സൂചനകളുള്ളതായി റിപ്പോര്‍ട്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലപാതകിയെക്കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് കിട്ടിയതെന്നും അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിസംബര്‍ 24-നാണ് വടകര പഴയ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ക്വൂന്‍സ് റോഡില്‍ നിന്ന് മാര്‍ക്കറ്റ് റോഡിലേക്കുള്ള ഇടവഴിയിലുള്ള കടയില്‍ വ്യാപാരിയായ രാജന്‍ കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഇവിടെ കച്ചവടം നടത്തുന്നയാളാണ് പുതിയാപ്പ് സ്വദേശിയായ വലിയപറമ്പത്ത് രാജന്‍.


രാജനൊപ്പം രാത്രി കടയില്‍ നീലക്കുപ്പായമിട്ട ഒരാള്‍ ഉണ്ടായിരുന്നതായി സമീപത്തെ കടയുടമ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചും അന്വേഷണം തുടരുന്നുണ്ട്.

ശനിയാഴ്ച രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് രാജനെ സ്വന്തം കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജന്റെ മുഖത്ത് മര്‍ദനമേറ്റ പാടുണ്ടായിരുന്നു. മുറിക്കുള്ളില്‍ മല്‍പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായതായും പൊലീസ് പറഞ്ഞു. മുറിയില്‍ ഫാനും കസേരയും മറിഞ്ഞ് കിടന്നിരുന്നു.

സമീപത്ത് നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. രാജന്റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണമാലയും മോതിരവും ബൈക്കും കടയില് നിന്ന് പണവും നഷ്ടപ്പെട്ടിട്ടുണ്ട്.

വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദിന്റെ മേല്‍നോട്ടത്തില്‍ സി.ഐയ്ക്ക് കീഴില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.