വടകരക്കാരി ലുഅ് ലുഇന് വേണ്ടി സാക്ഷാല്‍ റൊണാല്‍ഡോ തന്നെ പകര്‍ത്തിയ സെല്‍ഫി; വൈറല്‍ ചിത്രം വന്നതിനെക്കുറിച്ച് ലുഅ് ലുഅ് പറയുന്നു
ദോഹ: ലോകം മുഴുവൻ ലോകകപ്പ് ആവേശത്തിലാണ്. നാട്ടിൻപുറങ്ങൾ തോറും കട്ട് ഔട്ടുകൾ നിറയുന്നു. ഖത്തറിൽ പോയി കളി നേരിട്ട് കാണാൻ കഴിയുന്നത് വരെ ഏറെ ഭാഗ്യമായി കരുതുന്നവരാണ് മലയാളികൾ. എന്നാൽ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കൂടെ തന്നെ സെൽഫിയെടുത്ത് താരമായി മാറിയിരിക്കുകയാണ് വടകരക്കാരി ലുഅ് ലുഅ്.
ലുഅ് ലുഅ് നൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോസ് ചെയ്യുന്ന സെല്‍ഫി ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതും വെറും സെല്‍ഫിയല്ല, ലുഅ് ലുഅ്ന് വേണ്ടി ക്രിസ്റ്റ്യാനോ തന്നെയാണ് ഈ ചിത്രം ക്ലിക്ക് ചെയ്തിരിക്കുന്നത്.
വൈറല്‍ ചിത്രം കിട്ടിയതിനെക്കുറിച്ച് ലുഅ് ലുഅ് പറയുന്നത് ഇങ്ങനെയാണ്.
‘ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഹോട്ടലിലാണ് പോര്‍ച്ചുഗല്‍ ടീം സ്‌റ്റേ ചെയ്യുന്നത്. അവര് വന്നത് മുതല്‍ ദിവസവും അവരെ കാണാറുണ്ട്. അന്നൊക്കെ നോക്കി നിക്കാനേ പറ്റിയിരുന്നുള്ളൂ. ഇടയ്ക്ക് പോവുമ്പോള്‍ ‘ഗൂഡ് മോണിംഗ്’ ഒക്കെ കിട്ടിയാല്‍ തന്നെ ഭയങ്കര എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. അന്ന് അത് മതി.
ഒരു ദിവസം ക്രിസ്റ്റിയാനോ വളരെ ഫ്രീ ആയി നില്‍ക്കുന്നത് കണ്ട് ചോദിച്ചതാണ്, കാന്‍ ഐ ടേക്ക് എ സെല്‍ഫീ എന്ന്. അവര് അപ്പൊ തന്നെ സമ്മതിച്ചു. ഞാന്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബ്രൈറ്റ്‌നെസ് കൂടിയതാണോ, ഹൈറ്റ് കുറവുള്ളത് കൊണ്ടാണോ… ഫോണ്‍ വാങ്ങി ക്രിസ്റ്റിയാനോ തന്നെ സെല്‍ഫി എടുത്തു തന്നു.’ -ലുഅ് ലുഅ് പറഞ്ഞു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യം തന്നെ തോളില്‍ കൈവച്ചായിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും ആ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ലെന്നുമുള്ള നിരാശയും ലുഅ് ലുഅ് പങ്കുവച്ചു.
റൊണാൾഡോയുമായി സെൽഫി എടുത്തതിന്റെ അത്ഭുതവും സന്തോഷവും ഇനിയും മാറിയിട്ടില്ലെന്നും കൂട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ താൻ ഇപ്പോൾ ഒരു താരമായി മാറിയിരിക്കുകയാണെന്നും ലുഅ് ലുഅ് പറഞ്ഞു.