ചെറുവണ്ണൂർ സ്വദേശിയും മാധ്യമപ്രവർത്തകനുമായ കെ.എം ബഷീറിന്റെ കൊലപാതകം: ‘പ്രതികൾക്ക് സർക്കാരും പോലീസും ഒത്താശ ചെയ്തുകൊടുക്കുന്നു, ഇതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയത്’- പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: ചെറുവണ്ണൂർ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് സർക്കാരും പോലീസും ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികളെ രക്ഷിക്കാൻ സർക്കാർ നിന്നതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിക്കിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.

“പ്രതികൾ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന നടത്തിയില്ല. ആദ്യഘട്ടത്തില്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരും പൊലീസും ശ്രമിച്ചത്. മാധ്യമ പ്രവര്‍ത്തകന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിന്നതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയത്. സാധാരണ ഒരു വാഹനാപകടത്തില്‍ പോലും ഡ്രൈവര്‍ക്കെതിരെ നരഹത്യ ചുമത്തുന്ന സംസ്ഥാനത്താണ് ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള ഓരാള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നത്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നതിന്റെ തെളിവ് പോലും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്തതാണ്. സംസ്ഥാനത്ത് ഈ രീതിയില്‍ നീതി നടപ്പാക്കുന്നത് സങ്കടകരമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികള്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കിയിരുന്നു. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് നരഹത്യാക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. കേസിലെ പ്രതികളായ രണ്ടുപേരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

summary: v d satheesan statement abut Journalist KM Basheer murder