വടകരയിൽ ഇനി മൂന്ന് നാൾ വരയും രചനയും ആട്ടവും പാട്ടവും; ഉപജില്ലാ കലോത്സവം ഇന്ന് തുടങ്ങും, അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും


വടകര: ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് തുടങ്ങും. ഒൻപതുവരെ ബി.ഇ.എം. എച്ച്‌.എസ്.എസിലാണ് കലോത്സവം നടക്കുക. ഇന്ന് സ്റ്റേജിതര മത്സരങ്ങളും മറ്റു ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി മുന്നോറോളം ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.

നാളെ രാവിലെ 10.30-ന് കെ.കെ. രമ എം.എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. പിന്നണി ​ഗായിക ശ്രേയ രമേശ് മുഖ്യാതിഥിയാകും. ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, മലയപ്പുലയ എന്നീ മൂന്നുവിഭാഗങ്ങളിലും ഇത്തവണ വടകര ഉപജില്ലയിൽ മത്സരം നടക്കുന്നുണ്ട്. വടകര മേഖലയിലെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പേരുകളിലാണ് ഒൻപത് വേദികൾ ഒരുക്കിയിരിക്കുന്നത്. ഒൻപതിന് വൈകീട്ട് ആറുമണിക്ക് സമാപനസമ്മേളനം നടക്കും.