‘പഞ്ചായത്തിൽ അനധികൃത നിയമനങ്ങളും അഴിമതിയും’; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച്


പേരാമ്പ്ര: കേരളത്തിൽ പിൻവാതിൽ നിയമന കമ്മീഷനായി സി.പി.എം മാറിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ് പി.എം നിയാസ്. ഗ്രാമപഞ്ചായത്തിലെ അനധികൃത നിയമനങ്ങൾക്കും അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലെവിടെ എന്ന് ചോദിച്ച് ഡൽഹിയിൽ പോയി സമരം ചെയ്തവർ കേരളത്തിലെ പിൻവാതിൽ നിയമനത്തിന് കൂട്ടുനിൽക്കുകയാണ്. ഭരണം കിട്ടിയാൽ അഞ്ചുവർഷം തോന്നിയപോലെ എന്തും ചെയ്യാമെന്നാണ് സി.പി.എം കരുതുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം സി.പി.എമ്മുകാർ അഹങ്കാരത്തിന്റെ ആൾരൂപമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പുതുക്കുടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ മരുതേരി, പി.കെ രാഗേഷ്, കെ.സി രവീന്ദ്രൻ, യു.സി ഹനീഫ, പി.എസ് സുനിൽകുമാർ, ഇ.പി മുഹമ്മദ്, കെ.കെ രാജൻ, കെ.പി റസാഖ്, ആർ.കെ മുഹമ്മദ്, സി.പി ഹമീദ്, സക്കീന ഗഫൂർ സംസാരിച്ചു.

മാർച്ചിന് എൻ.കെ സൽമ, റസ്മിന തങ്കേക്കണ്ടി, പൊയിൽ സുരേന്ദ്രൻ, മിനി വട്ടക്കണ്ടി, വി.പി സുരേഷ്, പി.കെ മജീദ്, രമേശൻ മഠത്തിൽ, കെ.പി മായൻ കുട്ടി, ടി.പി മുഹമ്മദ്, പി.കെ റഹീം നേതൃത്വം നൽകി.

Summary: UDF March to Perambra Panchayat Office