സെക്രട്ടറിയേയും ജീവനക്കാരേയും തുടർച്ചയായി സ്ഥലം മാറ്റുന്നെന്ന് ആരോപണം; തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ് ധർണ
തിരുവള്ളൂർ: തിരുവള്ളൂർ പഞ്ചായത്തിലെ സെക്രട്ടറിയേയും ജീവനക്കാരേയും തുടർച്ചയായി സ്ഥലം മാറ്റുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. നിലവിലെ ഭരണസമിതി ചുമതലയേറ്റശേഷം പതിനൊന്നാമത്താളാണ് സെക്രട്ടറി ചുമതലയിലേക്ക് വന്നത്. ഒരു വർഷത്തിനിടെ തന്നെ നാല് തവണയാണ് സെക്രട്ടറി സ്ഥലം മാറ്റപ്പെട്ടത്. സപ്തംബർ 13 ന് ചുമതലയേറ്റ നിലവിലെ സെക്രട്ടറിക്ക് സപ്തംബർ 29 ന് സ്ഥലംമാറ്റ ഉത്തരവ് വന്നു. അസി സെക്രട്ടറിയെ സ്ഥലം മാറ്റിയശേഷം പകരം നിയമനമായിട്ടില്ലെന്നും യു ഡി എഫ് ആരോപിച്ചു.
അടിക്കടിയുള്ള സ്ഥലം മാറ്റം ലൈഫ് പദ്ധതി ഉൾപ്പെടെ ഒട്ടേറെ സുപ്രധാന പദ്ധതികളുടെ നിർവ്വഹണത്തിന് വേഗത കുറയാൻ കാരണമാവുകയാണ്. നിക്ഷിപ്ത താല്പര്യ സംരക്ഷണത്തിനു വേണ്ടിയാണ് സ്ഥലം മാറ്റങ്ങൾ ഉണ്ടാവുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി പറഞ്ഞു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ, നിഷില കോരപ്പാണ്ടി, കെ.വി.ഷഹനാസ് , ബവിത്ത് മലോൽ, പി.സി ഹാജറ, കെ.സി നബീല ,രതീഷ് അനന്തോത്ത്, ജസ്മിന ചങ്ങരോത്ത്, ഡി പ്രജീഷ് തുടങ്ങിയവർ സംബന്ധിച്ചു.