നൊച്ചാടെ സംഘർഷത്തിൽ പോലീസുകാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റ സംഭവം; രണ്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ
പേരാമ്പ്ര: പോലീസുകാരെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് യുഡിഎഫ് പ്രവർത്തകരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകൻ പുത്തൻപുരയ്ക്കൽ റാഷിദ് (27), യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് ഫാസിൽ (26) എന്നിവരാണ് അറസ്റ്റിലായത്.
റാഷിദിനെ കൽപ്പത്തൂർ സ്റ്റേഡിയത്തിനു സമീപത്തുനിന്നും മുഹമ്മദ് ഫാസിലിനെ കീഴ്പ്പയ്യൂരിലെ ബന്ധുവീട്ടിൽ നിന്നുമാണ് പേരാമ്പ്ര പിടികൂടിയത്. പേരാമ്പ്ര കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
14-ന് രാത്രി നൊച്ചാട് ചാത്തോത്ത് താഴെയാണ് യു.ഡി.എഫ്.-സി.പി.എം. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗം തമ്മിൽ കല്ലേറുമുണ്ടായി. സംഘർഷത്തിൽ രണ്ട് പോലീസുകാർക്കും ഒരു ഹോംഗാർഡിനും, ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.