എത്തിയപ്പോള്‍ ടയര്‍ കടയും സമീപത്തെ കടയും കത്തിയാളുന്നതാണ് കണ്ടത്, തൊട്ടടുത്തായി തന്നെ വീടുകളുമുണ്ട്; ബാലുശേരിയിലെ തീപിടത്തത്തെക്കുറിച്ച് തീയണക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്- (വീഡിയോ)
ബാലുശേരി: ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് ഇടപെട്ടതിനാലാണ് ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്തെ തീപിടിത്തം വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാതെ നിയന്ത്രിക്കാനായത്. നിറയെ വീടുകളും അടുത്തടുത്തായി കടകളുമുള്ള പ്രദേശമായതിനാല്‍ തീ പടരാന്‍ സാധ്യത ഏറെയായിരുന്നു. എന്നാല്‍ നരിക്കുനി, കൊയിലാണ്ടി, വെള്ളിമാടുകുന്ന്, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തി അപകടത്തിന്റെ വ്യാപ്തി കുറക്കുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചുമണിയോടെ തങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ നരിക്കുനിയില്‍ നിന്നുള്ള അഗ്നിരക്ഷാ സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നെന്ന് കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസറായ അരുണ്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ടയര്‍കടയും സമീപത്തുള്ള മറ്റൊരു കടയും ആളിക്കത്തുന്നുണ്ടായിരുന്നു. തൊട്ടടുത്തുതന്നെ വീടുകളുമുണ്ട്. ഈ വീടുകള്‍ക്ക് മുമ്പില്‍ നിന്നുകൊണ്ടാണ് തീയണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. തീ വീടുകളിലേക്ക് പടരാതിരിക്കാനാണ് ആദ്യം ശ്രദ്ധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊയിലാണ്ടിയില്‍ നിന്നും രണ്ട് യൂണിറ്റാണ് സ്ഥലത്തെത്തിയത്. പിന്നീട് പേരാമ്പ്രയില്‍ നിന്നും വെള്ളിമാടുകുന്നുനിന്നുമുള്ള ഫയര്‍ യൂണിറ്റുകളെത്തി. നാലുമണിക്കൂറോളം എടുത്താണ് തീയണച്ചതെന്നും അദ്ദേഹം പറഞ്ഞു.
തീപിടുത്തമുണ്ടായ സ്ഥലത്തിന് ഏതാണ്ട് 70 മീറ്റര്‍ അകലെ പെട്രോള്‍ പമ്പുണ്ട്. ഇടയ്ക്ക് കടകളുണ്ടായിരുന്നതിനാല്‍ അത്തരമൊരു അപകട സാധ്യത കുറവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പാടമ്പത് രാജന്‍ തിരുത്തിയാടിന്റെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സുഭാഷ് താഴിക്കോട്ടിന്റെ ടയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. പുതിയതും പഴയതുമായ ടയറുകളും ടുബുകളും ഇവിടെ സൂക്ഷിച്ചിരുന്നു. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. തൊട്ടടുത്തുണ്ടായിരുന്ന പ്രതാപന്‍ മാണിയോടിന്റെ ഫര്‍ണിച്ചര്‍ കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. ഗോഡൗണിന് സമീപത്തുണ്ടായിരുന്ന സിന്ധു പി കേളോത്ത് കണ്ടിയും വീടിനും നിസാരമായ കേടുപാടുകള്‍ പറ്റി.