കല്ലോട് വീടിന് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി തീയിട്ട സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ; അറസ്റ്റിലായത് പേരാമ്പ്ര, ചേനോളി സ്വദേശികൾ
പേരാമ്പ്ര: കല്ലോട് വീടിന് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി തീയിട്ട് നശിപ്പിച്ച സംഭവത്തിൽ പേരാമ്പ്ര, ചേനോളി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ രയരോത്ത് വിപിൻ (34), ചേനോളി വെങ്ങളത്ത് അൽത്താഫ് (35) എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടതായി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കല്ലോട് എരവട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം വാരിയര്‍ കണ്ടി രാജുവിന്റെ വീടിന്റെ സമീപം നിര്‍ത്തിയിട്ട കെ.എല്‍ 77 എ 9347 എസ്.എം.എല്‍ ടിപ്പറാണ് കത്തി നശിച്ചത്. ലോറിയുടെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. പെട്രോൾ ടാങ്കിന് തീപിടിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. പേരാമ്പ്ര അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. ഇന്നലെ പുലർച്ച നാലോടെയാണ് സംഭവം.
പുലര്‍ച്ചെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് തീ ഉയരുന്നത് കണ്ടത്. തീകൊടുക്കുന്നതിന് കുറച്ചുമുമ്പ് ആരോ വാതിലിന് മുട്ടിയിരുന്നെന്നും വീട്ടുകാർ പറഞ്ഞു.
പേരാമ്പ്ര സി.ഐ. എം. സജീവ് കുമാർ, എസ്.ഐ. എ. ഹബീബുള്ള എന്നിവരുടെ നേതൃത്വത്തിൽ പോലീസും സയന്റിഫിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. വീട്ടുകാരുമായുള്ള മുൻവൈരാഗ്യത്തിന്റെപേരിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
Summary: Two youths were arrested in the incident of setting fire to a tipper lorry parked near ahouse in Kallod . The arrested were natives of Perambra and Chenoli