സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വയനാട് സ്വദേശികളായ യുവാക്കള്‍ പിറവം പുഴയില്‍ മുങ്ങിമരിച്ചു


വയനാട്: വയനാട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിറവം പുഴയില്‍ മുങ്ങി മരിച്ചു. ചെറുകാട്ടുര്‍ കുഴിമൂളില്‍ വീട്ടില്‍ ഡെറിന്‍ റോജസ് (20), കമ്പളക്കാട് ചുണ്ടക്കര വടക്കേടത്ത് സെബിന്‍ ജോസ് (20) എന്നിവരാണ് മരിച്ചത്.

എറണാകുളം ഇരുമ്പനത്തെ ന്യൂ ടെക് ടയേഴ്‌സ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇരുവരും ചീരക്കാട്ടുപാറയിലാണ് താമസം. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളിക്കുവാനിറങ്ങിയ മൂന്ന് പേരില്‍ രണ്ട് പേരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പുഴയിലേക്ക് എടുത്ത് ചാടി രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ പിറവം സ്വകാര്യാശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോലീസ് ദേഹപരിശോദനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

റോജസ് സിജി ദമ്പതികളുടെ മകനാണ് ഡെറിന്‍ റോജസ്. ആന്‍സി, നൂറോസ് എന്നിവരാണ് സഹോദരങ്ങള്‍. ജോസഫിന്റെയും (ബേബി) റീനയുടെയും മകനാണ് സെബിന്‍ ജോസ്. സജിനാണ് സഹോദരന്‍.