കോഴിക്കോട് വിതരണത്തിനായി കൊണ്ടുവരുകയായിരുന്ന 108 ഗ്രം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍


സുല്‍ത്താന്‍ബത്തേരി: കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി മുത്തങ്ങ ചെക്പോസ്റ്റ് വഴി കടത്താന്‍ ശ്രമിക്കുകയായിരുന്ന 108 ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. താമരശ്ശേരി നരിക്കുനി തീയ്യകണ്ടിയില്‍ ജ്യോതിഷ് (28), പുന്നശ്ശേരി അമ്പലമുക്ക് തോട്ടത്തില്‍ ജാബിര്‍ (28) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്. മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥ സംഘം. മൈസൂരില്‍ നിന്നും വരികയായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട ജ്യോതിഷിനെയും ജാബിറിനെയും ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്ത് പിടിക്കപ്പെട്ടത്.

കര്‍ണാടകയില്‍ നിന്നും കോഴിക്കോട്ട് എത്തിച്ച് വിതരണം നടത്തുന്നതിനായിട്ടുള്ളതാണ് എം.ഡി.എം.എ എന്നാണ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരം. ഇരുവര്‍ക്കുമെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസ് എടുത്തു.