ട്വൻ്റിഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് തൃശ്ശൂരിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു


തൃശ്ശൂർ: ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തൃശ്ശൂർ പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ്‌ റോഷന്‍, മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്.

വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നില്‍ വെച്ച്‌ ഇന്ന് പകല്‍ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. വാണിയംപാറ പള്ളിയില്‍ ജുമാ നിസ്‌ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തിന് പിന്നാലെ വാഹനത്തിന് പുറത്തിറങ്ങിയ ട്വന്റി ഫോര്‍ വാര്‍ത്താസംഘം നാട്ടുകാരോട് കയര്‍ത്തതായി നാട്ടുകാർ ആരോപിച്ചു. വാഹനത്തിൻ്റെ അമിത വേഗതയാണ് അപകടത്തിനു കാരണം എന്നാണ് നാട്ടുകാർ പറയുന്നത്.

Summary: Two students died in Thrissur when a car carrying a Twentyfour news team collided with it