ചൈനീസ് ഭക്ഷ്യ ഉല്പന്നങ്ങൾ ഫൈവ് സ്റ്റാർ റേറ്റിങ് നൽകാൻ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത കൊയിലാണ്ടി സ്വദേശിനിയടക്കം രണ്ട് പേർ പിടിയിൽ


കൊയിലാണ്ടി: ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫൈവ്സ്റ്റാർ റേറ്റിങ് നൽകിയാൽ പണം നൽകാമെന്നു വാഗ്ദാനം നൽകി യുവാവിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊയിലാണ്ടി സ്വദേശിനിയടക്കം രണ്ടുപേർ പിടിയിൽ. കൊയിലാണ്ടി സ്വദേശിനിയും ഇപ്പോൾ കണ്ണൂർ തലശ്ശേരി മൂഴിക്കരയിലെ താമസക്കാരിയുമായ അക്ഷയ (28), കോഴിക്കോട് നരിക്കുനി പാറന്നൂർ ആരീക്കൽ ഹൗസിൽ അസർ മുഹമ്മദ് (29) എന്നിവരെയാണ് പൊഴിയൂർ പൊലീസ് കോഴിക്കോടു നിന്നു പിടികൂടിയത്.

ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഓൺലൈനിൽ ഫൈവ്സ്റ്റാർ റേറ്റിങ് നൽകുന്ന ജോലിയെന്ന് പറഞ്ഞാണ് ഇവർ യുവാവിനെ പറ്റിച്ചത്. കുളത്തൂർ സ്വദേശിയായ ഷൈൻ ആണ് തട്ടിപ്പിന് ഇരയായത്. ഇൻസ്റ്റഗ്രാമിൽ പരസ്യം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് ഷൈൻ ഇവരുമായി ബന്ധപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഓരോഘട്ടം കഴിയുമ്പോഴും പണം അക്കൗണ്ടിൽ വരുമെന്ന് സംഘം യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു.

അതിനായി ആദ്യഘട്ടത്തിൽ 10,000 രൂപ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് യുവാവിനെ കൊണ്ട് നിക്ഷേപിപ്പിച്ചു. ഇതിന് പിന്നാലെ 999 രൂപ ഷൈനിൻ്റെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്‌തു. ചെറിയ തുക അക്കൗണ്ടിലേക്ക് നൽകി ഷൈനിന്റെ വിശ്വാസം പിടിച്ചു പറ്റിയ സംഘം പലതവണയായി 26 ലക്ഷത്തോളം രൂപ ഇയാളിൽനിന്നു തട്ടിയെടുക്കുകയായിരുന്നു.

ഓരോ തവണയും ലഭിക്കേണ്ട പണം ആവശ്യപ്പെടുമ്പോൾ സാങ്കേതിക തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടിൽ സുരക്ഷിതമാണെന്നും ഇരുവരും ഷൈനിനെ വിശ്വസിപ്പിച്ചു. ഒടുവിൽ ഇവരെ ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണു തട്ടിപ്പിന് ഇരയായതായി ബോധ്യമായത്. തുടർന്ന് ഇയാൾ പൊഴിയൂർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ, അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവർ ഇത്തരത്തിൽ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊഴിയൂർ പൊലീസ് പറഞ്ഞു.

ഇൻസ്പെക്ടർ അബ്ദുൾ കലാം ആസാദിൻ്റെ നേതൃത്വത്തിൽ എഎസ്ഐമാരായ ജയലക്ഷ്‌ി, സാജൻ, സിപിഒ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Summary: Fraud by offering money to give Chinese food products a five-star rating; Two persons, including a native of Koilandi, have been arrested for extorting 26 lakh rupees from a youth