കോഴിക്കോട് വില്‍പ്പനയ്ക്കായി എത്തിച്ച 14 കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍; പിടിക്കപ്പെട്ടത് വിപണിയില്‍ ഏഴുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ്


കോഴിക്കോട്: കോഴിക്കോട് വില്‍പ്പനയ്ക്കായി എത്തിച്ച 14 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ശാന്തിനഗര്‍ കോളനിയില്‍ ശ്രീനി(42), സീന എന്നിവരാണ് പിടിയിലായത്. ശ്രീനിയെ വെസ്റ്റ്ഹില്‍ ആര്‍മി ബാരക്‌സ് പരിസരത്തുനിന്നും 12 കിലോ കഞ്ചാവുമായും സീനയെ രണ്ടുകിലോ കഞ്ചാവുമായി വീട്ടില്‍നിന്നുമാണ് അറസ്റ്റു ചെയ്തത്.

പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഏഴുലക്ഷത്തോളംരൂപ വിലവരും. ഇരുവരും സമാനകുറ്റകൃത്യത്തിന് ആന്ധ്രാപ്രദേശില്‍ ജയില്‍ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയവരാണ്.

ആന്റി നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍, എസ്.ഐ. യു ഷിജു, മനോജ് എടയേടത്ത്, എ.എസ്.ഐ. അബ്ദുറഹിമാന്‍, സീനിയര്‍ സി.പി.ഒ. കെ അഖിലേഷ്, അനീഷ് മൂസന്‍വീട്, സി.പി.ഒമാരായ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്, വെള്ളയില്‍ സ്റ്റേഷനിലെ എസ്.ഐമാരായ യു സനീഷ്, കെ ഷാജി, വി.കെ അഷറഫ്, എസ്.സി.പി.ഒ നവീന്‍, ഇ ലിനിജ, സി.പി.ഒ. രഞ്ജിത്, രജു എന്നിവര്‍ നേതൃത്വം നല്‍കി.